മോളിയുടെ ദുരിതം അമ്മ അറിഞ്ഞു ;ഉടൻ തന്നെ വീടു നിർമ്മിച്ചു നൽകും : മോഹൻലാൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: സിനിമാ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയയായ കലാകാരി മോളി കണ്ണമാലിക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. കയറിക്കിടക്കാൻ ചോർന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ ദുരിതജീവിതം വാർത്തയായിരുന്നു. ഇതോടെ മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.ജൂൺ ഒന്നിന് ചേർന്ന ‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ പ്രസിഡന്റ് മോഹൻ ലാൽ പറഞ്ഞു. നിലവിൽ ‘അമ്മ’യിൽ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദർശിക്കുകയും നിയമപരമായ വശങ്ങൾ കൂടി പരിഗണിച്ച് എത്രയും വേഗം വീട് നിർമിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോളിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. എറണാകുളം കണ്ണമാലി പുത്തൻതോട് പാലത്തിനടുത്തുള്ള കൊച്ചുകൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം. ചവിട്ടുനാടക കലാകാരിയായ മോളി കണ്ണമാലിക്ക് എറണാകുളം എംപി കെ വി തോമസ് വീട് നിർമ്മിച്ച് നൽകിയെങ്കിലും പിന്നീട് മകനൊപ്പം ഇവർ താമസം മാറുകയായിരുന്നു. മോളിക്കും കുടുംബത്തിനും ഇഷ്ടദാനം ലഭിച്ച സ്ഥലം തർക്കത്തിലായതോടെ അവിടെ വീട് പണിയാനുള്ള ആഗ്രവും സാധിച്ചില്ല. തുടർന്നാണ് മോളിയും മകനും ഷെഡ്ഡിലേക്ക് താമസം മാറിയത്.