” ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുള്ളവർ രാമനും കൃഷ്ണനും ‘ജയ്’ വിളിക്കണം”; വിവാദ പരാമർശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Spread the love

ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹമുള്ളവർ ഹിന്ദു ദൈവങ്ങളായ കൃഷ്ണനെയും രാമനെയും സ്തുതിക്കണമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് യാദവിന്റെ പരാമർശം.
പൗരന്മാർക്ക് അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ഇന്ത്യ എന്ന രാജ്യം അതിന്റെ പൂർണതയിൽ ഉൾക്കൊള്ളുന്നവർക്കേ രാജ്യസസ്നേഹം ഉള്ളവരാകാൻ സാധിക്കൂ , “ഭാരത് മേ രഹ്ന ഹോഗാ തോ റാം, കൃഷ്ണ കി ജയ് കെഹ്നാ ഹോഗാ” (ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനും കൃഷ്ണനും ജയ് വിളിക്കണം) എന്നും യാദവ് തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഭാരതമണ്ണിനോട് നമ്മുടെ ആത്മാവിനെ ചേർത്ത് നിർത്തിയാൽ നമുക്ക് റഹീമിനെയും റാസ്ഖാനെയും ഓർമിക്കാൻ സാധിക്കും അവരെ മനസിലാക്കാൻ സാധിക്കും. എന്നാൽ സൂക്ഷിക്കുക, ഭാരതത്തിൽ നിന്ന് ഭക്ഷിച്ച് മറ്റാരെയോ ആരാധിക്കുന്നവർക്ക് അത് മനസ്സിലാവുകയില്ല. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ നിങ്ങൾ ഭഗവൻ കൃഷ്ണനും രാമനും ജയ് പറഞ്ഞെ മതിയാവൂ. ഞങ്ങൾ രാജ്യത്തുള്ള ആരെയും അപമാനിക്കുകയല്ല. എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്,’ യാദവ് പറഞ്ഞു.
“രാജ്യത്തുള്ള എല്ലാവരേയും ബഹുമാനിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇവിടെ ആരെയും ഞങ്ങൾ ഒരിക്കലും അനാദരിക്കില്ല… ചന്ദേരിയിലെ ഹാൻഡ്‌ലൂം പാർക്കിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്നും സാരി നെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാൻഡ്‌ലൂം പാർക്കിൽ ജോലി ചെയ്യുന്ന ഇരു സമുദായങ്ങളിലെയും തൊഴിലാളികൾക്കായി കൈയടിക്കാൻ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തവരോട് പറഞ്ഞു.