ഈ ഒരൊറ്റ ചിത്രത്തോടെ കെ പി ഉമ്മർ , ഗോവിന്ദൻകുട്ടി, ജോസ് പ്രകാശ് , ബാലൻ കെ നായർ , പ്രതാപചന്ദ്രൻ തുടങ്ങിയ വില്ലന്മാരെയെല്ലാം പിന്തള്ളിക്കൊണ്ട് ഒട്ടേറെ മലയാള സിനിമകളിൽ പ്രധാന വില്ലനായി മോഹൻലാൽ മാറുകയായിരുന്നു :” എങ്ങനെ നീ മറക്കും ” എന്ന ചിത്രം ഈ നടന്റെ അഭിനയ ജീവിതത്തെയാകമാനം മാറ്റിമറിച്ചു.

Spread the love

കോട്ടയം: 1980 -ലെ ഒരു ക്രിസ്തുമസ്സ് ദിനത്തിലാണ് നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത
“മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് .
പുതിയ സംവിധായകൻ,
പുതിയ നായകൻ , പുതിയ നായിക, പുതിയ വില്ലൻ ഇങ്ങനെ ഒട്ടേറെ പുതുമുഖങ്ങളെ സംഭാവന ചെയ്ത ഈ ചിത്രത്തിൽ വില്ലനായിട്ടായിരുന്നു പിൽക്കാലത്ത് മലയാളത്തിൽ സൂപ്പർസ്റ്റാറായി തിളങ്ങിയ മോഹൻലാലിന്റെ രംഗപ്രവേശം.

ഈ ഒരൊറ്റ ചിത്രത്തോടെ
കെ പി ഉമ്മർ ,
ഗോവിന്ദൻകുട്ടി, ജോസ് പ്രകാശ് , ബാലൻ കെ നായർ , പ്രതാപചന്ദ്രൻ തുടങ്ങിയ വില്ലന്മാരെയെല്ലാം പിന്തള്ളിക്കൊണ്ട് ഒട്ടേറെ മലയാള സിനിമകളിൽ പ്രധാന വില്ലനായി മോഹൻലാൽ മാറുകയായിരുന്നു. എന്നാൽ ഈ വില്ലൻ വേഷങ്ങൾ മോഹൻലാലിന് അധികകാലം ചെയ്യേണ്ടി വന്നില്ല. 1983-ൽ തിയേറ്ററുകളിലെത്തിയ
അരോമ മണിയുടെ
” എങ്ങനെ നീ മറക്കും ”
എന്ന ചിത്രം ഈ നടന്റെ അഭിനയ ജീവിതത്തെയാകമാനം മാറ്റിമറിച്ചു.

പതിവുപോലെ ശങ്കറായിരുന്നു ചിത്രത്തിലെ നായകനെങ്കിലും പ്രേക്ഷകരുടെ ജനപ്രീതി നേടിയെടുത്തത് മോഹൻലാലായിരുന്നു.
വില്ലൻ വേഷങ്ങളിൽ നിന്ന് സാവധാനം നായക വേഷങ്ങളിലേക്കുള്ള പകർന്നാട്ടങ്ങളിലൂടെ മോഹൻലാൽ എന്ന നടന് പിന്നീടുണ്ടായ വിസ്മയകരമായ വളർച്ച മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നുവെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാലിന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായ
“എങ്ങനെ നീ മറക്കും ” എന്ന ചിത്രം എക്കാലവും ഓർമിക്കപ്പെടുന്നതിന് അതിലെ അതിമനോഹരമായ ഗാനങ്ങൾ വഹിച്ച പങ്ക് ഒട്ടും ചെറുതായിരുന്നില്ല .

ചുനക്കര രാമൻകുട്ടി എന്ന ഗാനരചയിതാവിനെ മലയാളത്തിൽ അടയാളപ്പെടുത്തുന്നതും ആസ്വാദകരുടെ ഇഷ്ട ഗാനരചയിതാവായി അദ്ദേഹം മാറുന്നതും ഈ ചിത്രത്തിലെ

“ദേവദാരു പൂത്തു
എൻ മനസ്സിൽ താഴ് വരയിൽ
നിതാന്തമാം തെളിമാനം
പൂത്ത നിശീഥിനിയിൽ ….”

എന്ന സൂപ്പർഹിറ്റ് ഗാനത്തോടെയാണ്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കേതിൽ കൃഷ്ണന്റെ മകനായി ജനിച്ച രാമൻകുട്ടി നാടകങ്ങളിൽ ഗായകനായിട്ടാണ് കലാരംഗത്ത് തുടക്കം കുറിക്കുന്നത് .

ആകാശവാണിയിലൂടേയും നാടകങ്ങളിലൂടേയും തുടർന്ന കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം
1978- ല്‍ പുറത്തുവന്ന ആശ്രമം എന്ന ചിത്രത്തിലെ “അപ്സരകന്യകേ …….”
എന്ന ഗാനം എഴുതിക്കൊണ്ടാണ്
ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.

പി ജി വിശ്വംഭരന്റെ
“ഒരു തിര പിന്നെയും തിര ” എന്ന ചിത്രത്തിലെ ഗാനങ്ങൾ പ്രശസ്തമായെങ്കിലും “എങ്ങനെ നീ മറക്കും ” എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാള ചലച്ചിത്ര വേദിയിൽ ചുനക്കര രാമൻകുട്ടിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ നേടിക്കൊടുക്കുകയുണ്ടായി

“ശരത്കാല സന്ധ്യ
കുളിർ ചൂടി നിന്നു …”

“നീ സ്വരമായ് …”

“വെള്ളിത്തേരിൽ
തുള്ളി തുള്ളി …..”

തുടങ്ങിയ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും യുവതലമുറയുടെ
ആവേശമായി മാറി.

“ഹൃദയവനിയിലെ ഗായികയോ …”
( കോട്ടയം കുഞ്ഞച്ചൻ)

“പാതിരാതാരമേ …”
(കുയിലിനെ തേടി )

“സിന്ദൂര തിലകവുമായി …”
( കുയിലിനെ തേടി )

“ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ … ”
(ഒരു നോക്ക് കാണാൻ )

“നീയറിഞ്ഞോ
മേലെ മാനത്ത് …”
(കണ്ടു കണ്ടറിഞ്ഞു )

“ശ്യാമമേഘമേ നീ …”
(അധിപൻ)

“ദേവി നിൻ രൂപം … ”
(ഒരു തിര പിന്നെയും തിര)

” മണിക്കുട്ടി ചുണക്കുട്ടി … ”
(ആ ദിവസം )

എന്നിവയൊക്കെയാണ് ചുനക്കര രാമൻകുട്ടി എഴുതിയ പ്രശസ്തമായ ഗാനങ്ങൾ .

2020 ആഗസ്റ്റ് 12നാണ് ചുനക്കര രാമൻകുട്ടി അന്തരിച്ചത് .
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ മനോഹരമായ താഴ് വരകളിൽ ദേവദാരുവിന്റെ സുഗന്ധം പരത്തിയ പ്രിയ ഗാനരചയിതാവിന്റെ ഓർമ്മകൾക്ക് പ്രണാമം.