
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖം വരും ദിവസങ്ങളില്‍ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തുന്നത്.
ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോഹൻലാല്‍ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം.
പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നില്‍ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകള്‍. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ലാല്‍ ചോദിച്ചറിഞ്ഞത്. മുൻപ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാല്‍ ഇത്തരത്തില്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ള മോഹൻലാല്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അഭിമുഖത്തിൻ്റെ കാര്യം സൂചിപ്പിച്ചത്. മോഹൻലാല്‍ തയാറാണെന്ന് അറിയിച്ചതോടെ ചിത്രീകരണം നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ വിവരങ്ങള്‍ തന്നെയാണ് ചോദ്യങ്ങളായി എത്തിയതെന്നാണ് വിവരം.



