
തിരുവനന്തപുരം: വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ റോയ്യുടെ മരണത്തിൽ വേദന പങ്കുവച്ചും അനുശോചിച്ചും നടൻ മോഹൻലാൽ. തന്റെ പ്രിയ സുഹൃത്ത് സി.ജെ റോയ്യുടെ വിയോഗം അവിശ്വസനീയവും അത്യന്തം വേദനാജനകവുമാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം. അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓർമിക്കപ്പെടും’- മോഹൻലാൽ അനുശോചിച്ചു.
സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തീർത്തും സാധാരണക്കാരനെപ്പോലെ പെരുമാറുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്ത ബിസിനസ് അതികായനായിരുന്നു റോയ്. അഭിമുഖങ്ങളിലും പൊതുപരിപാടികളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ ചിരിച്ചു മാത്രം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ആത്മഹത്യ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ബംഗളൂരുവിലെ ഓഫീസിലും കഫെയിലും റെയ്ഡ് നടക്കുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം ആദായനികുതി വകുപ്പ് റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.



