മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം, ഇതും നമ്മൾ മറികടക്കും ; മോഹൻലാൽ ഇന്ന് വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കും; ക്യാമ്പുകളിൽ കഴിയുന്നവരെ കാണും
സ്വന്തം ലേഖകൻ
കല്പറ്റ: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങൾ നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹൻലാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.
മുൻപും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മൾ മറികടക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താൻ അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യർ, നയൻതാര, നവ്യാ നായർ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തെന്നിന്ത്യൻ താരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.