ജിത്തു ജോസഫ് മോഹൻലാല്‍ ചിത്രം ‘നേരിന് തിരക്കഥാ മോഷണ ആരോപണം ; തിരക്കഥാ ചര്‍ച്ച നടത്തി സമ്മതം മൂളിയിട്ട് മോഷ്ടിച്ചെതാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമാ തിരക്കഥാകൃത്തായ ദീപു കെ ഉണ്ണി ഹൈക്കോടതിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രമായ ജിത്തു ജോസഫിന്റെ നേര് സിനിമയ്‌ക്കെതിരെയും തിരക്കഥാ മോഷണ ആരോപണം. 21 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്. സിനിമാ തിരക്കഥാകൃത്തായ ദീപു കെ ഉണ്ണി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ്. തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയാണ് ദീപു.

ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും വക്കീല്‍ കുപ്പായത്തിലെത്തുകയാണ് ‘നേരില്‍’മോഹൻലാല്‍. ജീത്തു ജോസഫ്-മോഹൻലാല്‍ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന നേര് റിലീസിനെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് നേരിലേത് എന്ന് മോഹൻലാലും അടുത്തിടെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വളരെ കാലത്തിന് ശേഷമാണ് ഒരു മുഴുനീള വക്കീല്‍ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. മുൻപ് പല സിനിമകളിലും വക്കീലായി എത്തിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായും വക്കീല്‍ കഥാപാത്രമായിരുന്നില്ല. ഇതൊരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ്. അതുകൊണ്ടു തന്നെ ഒരു അഭിനേതാവെന്ന നിലയ്ക്ക് ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് നേര് സിനിമയിലേത്,’ മോഹൻലാല്‍ വിശദമാക്കിയിരുന്നു.

ദൃശ്യം 2′ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയും ജിത്തു ജോസഫും ചേര്‍ന്നാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ തിരക്കഥയാണ് മോഷണമെന്ന് ദീപു കെ ഉണ്ണി ആരോപിക്കുന്നത്.

ദീപു കെ ഉണ്ണി റിട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നത്:

മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നു വരുന്ന താൻ സിനിമയില്‍ എഴുത്തുകാരനാകുക എന്ന ലക്ഷ്യത്തോടെ വളരെ കഷ്ടപ്പെട്ടാണ് കോടതിയെ ആധാരമാക്കിയുള്ള ഇമോഷണല്‍ ഫാമിലി ഡ്രാമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഒരുഅഭിഭാഷകന്റെയും, അഭിഭാഷകയുടെയും വ്യക്തിപരവും തൊഴില്‍പരവുമായ യാത്ര കോടതി വിചാരണകളുടെ പശ്ചാത്തലത്തില്‍ പറയുന്നതാണ് തന്റെ തിരക്കഥയുടെ പ്രമേയം.

മൂന്നുവര്‍ഷമായി ഈ തിരക്കഥ താൻ മലയാള സിനിമയിലെ അറിയപ്പെടുന്ന പല ചലച്ചിത്രകാരന്മാര്‍ക്കും അയച്ചുകൊടുത്തിരുന്നു. അക്കൂട്ടത്തില്‍, ജിത്തു ജോസഫിനും ശാന്തി മായാദേവിക്കും തിരക്കഥ അയച്ചുകൊടുത്തു. ഇരുവരുമായി ടെലിഫോണിലും സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും ഇ മെയിലിലും ആശയവിനിമയം നടത്തി. ഇ മെയിലിന്റെ സ്‌ക്രീൻ ഷോട്ടുകള്‍ തെളിവായുണ്ട്.

2021 ജനുവരിയില്‍ ഉദയംപേരൂരിലെ ജിത്തു ജോസഫിന്റെ വസതിയില്‍ വച്ച്‌ മൂന്നു മണിക്കൂറോളം തിരക്കഥ ചര്‍ച്ച ചെയ്യുകയും ജിത്തു അനുകൂലമായി പ്രതികരിക്കുകയും തിരക്കഥയിന്മേല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വീട്ടില്‍ വച്ച്‌ ജിത്തുവുമൊത്തുള്ള സെല്‍ഫിയും ചിത്രങ്ങളും മറ്റും എടുക്കുകയും ചെയ്തു.

പിന്നീട് 2021 ഏപ്രിലില്‍ ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച്‌ ജിത്തുവുമായി തിരക്കഥാ ചര്‍ച്ച നടന്നു. ശാന്തി മായാദേവിയെയും അവിടേക്ക് ക്ഷണിച്ചുവരുത്തി. അരദിവസത്തോളം ചര്‍ച്ച നടന്നു. ദീപുവിന്റെ തിരക്കഥയുടെ കൃത്യതയ്ക്ക് വിദഗ്ധ അഭിഭാഷകരുടെ സഹായം തേടണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി തിരക്കഥയുടെ രണ്ടുപകര്‍പ്പുകള്‍ ജിത്തുവിനും ശാന്തിക്കും കൈമാറി. തിരക്കഥാ ചര്‍ച്ചയുടെ ഫോട്ടോകളും തെളിവായുണ്ട്.

ദീപുവിന്റെ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ തങ്ങള്‍ക്ക് ഇഷ്ടമായെന്നും, ദീപുവിനെ തങ്ങളുടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായി തിരഞ്ഞെടുത്തെന്നും ഇരുവരും അറിയിച്ചു. നായകനായ മോഹൻലാലിന്റെ ഡേറ്റുകള്‍ കിട്ടുന്ന മുറയ്ക്ക് തിരിച്ചുവിളിക്കാമെന്നും വ്യക്തമാക്കി.

പിന്നീട് ഡിസംബര്‍ 17 ന് നേരിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍, അതിലെ ദൃശ്യങ്ങള്‍ മൂന്നുവര്‍ഷം മുമ്ബ് താൻ കൈമാറിയ തന്റെ തിരക്കഥയുടെ തനിപകര്‍പ്പാണെന്ന് വ്യക്തമായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. താൻ കൈമാറിയ ഇമോഷണല്‍ ഫാമിലി ഡ്രാമയുടെ ത്രഡ് വികസിപ്പിച്ച്‌ വിശദമായ ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ ആക്കിയെന്ന് ട്രെയിലര്‍ വിശകലനം ചെയ്തപ്പോള്‍ ബോധ്യമായെന്നും ഹര്‍ജിയില്‍ പറയുന്നു.

തന്റെ അവകാശം സംരക്ഷിക്കാൻ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും, പിടിച്ചെടുക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെടുന്നു. ജിത്തു ജോസഫിന്റെ ദൃശ്യത്തിന്റേതടക്കമുള്ള തിരക്കഥകള്‍ മോഷണമാണെന്നും ദീപു കെ ഉണ്ണി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ദൃശ്യത്തിന്റെ യഥാര്‍ഥ തിരക്കഥാകൃത്ത് തിരക്കഥ തിരിച്ചാവശ്യപ്പെട്ടപ്പോള്‍, ജിത്തുവും കൂട്ടരും ഭീഷണിപ്പെടുത്തിയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതെന്നും ഹര്‍ജിക്കാരൻ ആരോപിക്കുന്നു. സ്വന്തം ത്രഡ് മോഹിപ്പിക്കുന്നില്ല, മറ്റുള്ളവരുടെ ഒന്നാണ് നമ്മളെ മോഹിപ്പിക്കുന്നത് എന്ന് ജിത്തു ഒരു അഭിമുഖത്തില്‍ പറഞ്ഞതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. അഡ്വ.ബി എ. ആളൂര്‍ മുഖേനയാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരിന്റെ റിലീസ് 21ന് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജിത്തുവും ചേര്‍ന്നാണ്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്.