സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റില്ല..ഇത് കേരളമാണ്: മോഹന്‍ലാല്‍

സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പറ്റില്ല..ഇത് കേരളമാണ്: മോഹന്‍ലാല്‍

സ്വന്തംലേഖകൻ

കോട്ടയം : രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൃത്യമായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. ഫെയ്സ് ബുക്ക് ലൈവിലായിരുന്നു അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്. പലരും പറയുന്നത് പോലെ പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന ഇടമല്ല രാഷ്ട്രീയം, കാരണം ഇത് കേരളമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.കേരളത്തില്‍ എല്ലാവരും രാഷ്ട്രീയത്തെ നോക്കി കാണുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമയും രാഷ്ട്രീയവും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന ആളാണ് ഞാന്‍. എനിക്ക് കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും എനിക്ക് സുഹൃത്തുക്കളായുണ്ട്. എല്ലാവരേയും പോലെ രാഷ്ട്രീയ കാര്യങ്ങളില്‍ വേവലാതി ഉള്ള ആളുകൂടിയാണ് ഞാനെന്നും മോഹന്‍ലാല്‍ പറയുന്നു.ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ എത്തുമെന്ന രീതിയില്‍ ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് വാര്‍ത്തകള്‍ പരന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപിയ്ക്കായി മത്സരിക്കുമെന്നായിരുന്ന വാര്‍ത്തകള്‍.  ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതോടെയാണ് മോഹന്‍ലാലിന്റെ പേര് തെരഞ്ഞെടുപ്പിനോടൊപ്പം ചേര്‍ത്ത് വച്ചത്.  ദേശീയ മാധ്യമങ്ങളാണ് ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചു. മോഹന്‍ലാലിനെ മത്സരരംഗത്തിറക്കി വിജയം ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്ന തരത്തിലെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ കീഴിലുള്ള വിശ്വശാന്തി ട്രസ്റ്റിന് വേണ്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ മേജര്‍ രവിയടക്കം മോഹന്‍ലാലിന്റെ പല സുഹൃത്തുക്കളും  മോഹന്‍ലാല്‍ ഇലക്ഷനില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തി. എന്നാല്‍ ഇപ്പോള്‍ കൃത്യമായി തന്റെ നിലപാട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. എനിക്ക് അറിയാവുന്ന കാര്യങ്ങളേ എനിക്ക് ചെയ്യാന്‍ താത്പര്യമുള്ളൂ എന്നും താന്‍ ഇവിടെ വന്നിരിക്കുന്നത് സിനിമയെ കുറിച്ച് പറയാനാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അറിയാന്‍ വയ്യാത്ത സബ്ജക്റ്റാണ് രാഷ്ട്രീയം. എനിക്ക് അങ്ങനെ ഒരു താത്പര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു ലൈവ്. പദ്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷവും താരം ആരാധകരുമായി ഈ ലൈവ് വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇന്ന് വൈകിട്ട് നാലരയ്ക്ക് താന്‍ ഫെയ്സ് ബുക്ക് ലൈവില്‍ എത്തുമെന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കാനാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.