മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാളാണ് ഇന്ന്. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടുമുള്ള ആരാധകർ ആശംസകള്‍ അറിയിക്കുന്നുണ്ട്.
തലമുറകള്‍ എത്ര തന്നെ മാറിയാലും മോഹൻലാല്‍ എന്ന പ്രതിഭയെ മലയാളികള്‍ക്കും കലാകാരന്മാർക്കും മറക്കാൻ കഴിയില്ല. ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരരാജാവ് ഇതിനോടകം ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി വേഷങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
പിറന്നാള്‍ ദിനത്തില്‍ ആരാധകർക്ക് സമ്മാനവുമായെത്തിയിരിക്കുകയാണ് മോഹൻലാലിപ്പോള്‍. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താൻ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം. ഏറെ വർഷങ്ങള്‍ എനിക്കൊപ്പം സഞ്ചരിച്ച്, എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ബാലു പ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കിയത്. ആയിരത്തോളം പേജുകളുള്ള ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാകുന്ന 2025 ഡിസംബർ ഇരുപത്തിയഞ്ചിന് പുറത്തുവരും. നന്ദി’- എന്നാണ് മോഹൻലാല്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.
കൂടാതെ വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേർന്ന് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന അർഹരായ കുഞ്ഞുങ്ങള്‍ക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കുറഞ്ഞ നിരക്കില്‍ നടപ്പിലാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന വിവരവും മോഹൻലാല്‍ അറിയിച്ചു.
1980ല്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് മോഹൻലാല്‍ എന്ന നടനെ മലയാളികള്‍ അഭ്രപാളിയില്‍ ആദ്യം കണ്ടത്. 20-ാം വയസിലാണ് മോഹൻലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.