മോഹൻലാൽ കടപ്പുറത്ത് വെറുതെ ഉലാത്തുന്നു: മമ്മൂട്ടി ഭാര്യയ്ക്കൊപ്പം വീട്ടിലിരിക്കുന്നു: ജയറാം ഷർട്ട് തേക്കുന്നു: ലോക്ക് ഡൗൺ കാലത്തെ താര സല്ലാപങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണക്കാലം ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവം ആണ് നൽകുന്നത്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിൻ്റെ സൂപ്പർ താരങ്ങളെ പടമില്ലാതെ വീട്ടിലിരുത്തി കൊറോണ. ആരും പ്രതീക്ഷിക്കാത്ത കൊറോണക്കാലത്ത് സിനിമാ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് സത്യൻ അന്തിക്കാട്.
മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് താര വിശേഷങ്ങൾ പങ്കു വച്ചത്. ഇതാകട്ടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംവിധായകൻ സത്യൻ അന്തിക്കാട് എഴുതുന്നു ….
ഒടുവിലിന്റെ ഇരുമ്പൻ പുളികൾ
“എന്തൊക്കെ ബഹളങ്ങളായിരുന്നു!
മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട് – എന്നിട്ടിപ്പോൾ പവനായി ശവമായി “.
നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരെ നമിച്ചുപോകുന്ന കാലമാണിത്. ലോകത്ത് പൊതുവേയും നമ്മൾ മലയാളികൾക്കിടയിൽ പ്രത്യേകിച്ചും എന്തൊക്കെ കണക്കുകൂട്ടലുകളായിരുന്നു.
ഈ വിഷുക്കാലം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷത്തോളമായി പ്രിയദർശൻ കഷ്ടപ്പെട്ടൊരുക്കിയ സിനിമയാണ് ‘മരക്കാർ-അറബിക്കടലിന്റെ സിംഹം’. പട്ടിണികിടന്ന് സ്വന്തം രൂപത്തിൽപ്പോലും മാറ്റങ്ങൾ വരുത്തി ഫഹദ് ഫാസിൽ അഭിനയിച്ച, മഹേഷ് നാരായണന്റെ ‘മാലിക്ക്’ ഉന്നംവെച്ചതും വിഷു റിലീസാണ്. അതൊക്കെ അനിശ്ചിതകാലത്തേക്ക് മാറി. സിനിമയുടെ കൊയ്ത്തുകാലം എന്നറിയപ്പെടുന്ന ഏപ്രിൽ, മേയ് മാസങ്ങൾ പൂർണമായും നഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ കാര്യമവിടെ നിൽക്കട്ടെ. ‘ഞാൻ പ്രകാശൻ’ എന്ന പടത്തിനുശേഷം പുതിയ സിനിമ ഏപ്രിൽ 10-ന് തുടങ്ങാനാണ് ഞാൻ പദ്ധതിയിട്ടത്.
മമ്മൂട്ടി പറഞ്ഞു: ‘‘പത്താം തീയതി വരാൻ പറ്റില്ല. അതിനുമുമ്പ് തുടങ്ങുന്ന സിനിമ തീരില്ല. മേയ് പകുതിയെങ്കിലുമാകും ഞാൻ ഫ്രീയാകാൻ’’. അതു പറ്റില്ലെന്നും അടുത്ത ഓണത്തിന് തിയേറ്ററുകളൊക്കെ ബുക്കുചെയ്തുകഴിഞ്ഞെന്നും ഏപ്രിൽ പതിനഞ്ചിനെങ്കിലും സെറ്റിലെത്തണമെന്നും എന്റെ പിടിവാശി. അവസാനം മമ്മൂട്ടി ആന്റോ ജോസഫുമായി കൂടിയാലോചിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഫോർമുല തയ്യാറാകുന്നു. ആദ്യത്തെ പടം ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്ത് നിർത്തിവെക്കുക. അതിനുശേഷം എന്റെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിട്ട് മറ്റേത് വീണ്ടും തുടങ്ങാം.
അതിനിടയ്ക്ക്, ‘ഓണപ്പടം നമുക്കുതന്നെയല്ലേ’ എന്ന് ചോദിച്ച് കാഞ്ഞാണി ബ്രഹ്മകുളം തിയേറ്ററിലെ ജേക്കബ്ബിന്റെ വിളി. ഒരു മാറ്റവുമുണ്ടാകില്ലെന്നും ‘ഞാനൊരുതവണ പറഞ്ഞാൽ അത് നൂറുതവണ പറഞ്ഞതുപോലെ’യാണെന്നും എന്റെ അഹങ്കാരം.
എന്നാൽ, നിമിഷനേരംകൊണ്ട് പവനായി ശവമായി.
ഒരൊറ്റ വൈറസ് ലോകത്തിന്റെ താളംമുഴുവൻ തെറ്റിച്ചു.
മഴ വരുംപോലെയായിരുന്നു കൊറോണയുടെ വരവ്. ദൂരെയെവിടെയോ ഇടിമുഴക്കവും മിന്നലും. പിന്നീടൊരു തണുത്ത കാറ്റ്. എവിടെയോ മഴ പെയ്യുന്നുണ്ട്. ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മൾ ആശ്വസിക്കുന്നു. ആ തോന്നലിനെ തെറ്റിച്ചുകൊണ്ട് പതുക്കെപ്പതുക്കെ നമ്മുടെ മുന്നിൽ മഴ ചാറാൻ തുടങ്ങുന്നു. ‘ചാറിയങ്ങ് പൊയ്ക്കോളും’ എന്ന് സമാധാനിക്കാൻ തുടങ്ങുമ്പോഴേക്കും അത് പെരുമഴയായിമാറുന്നു. കലിതുള്ളി ആർത്തലച്ചുപെയ്യുന്ന പെരുമഴ. കയറിനിൽക്കാൻ ഇടമില്ലാതെ നമ്മളാകെ പരക്കംപായുകയാണ്.
പ്രധാനമന്ത്രി ലോക്‌ഡൗൺ പ്രഖ്യാപിക്കുംമുമ്പേ അപകടം മണത്ത് ഞാൻ നിർമാതാക്കളോട് പറഞ്ഞു:
‘‘വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ. ഇത് പെട്ടെന്നൊന്നും തീരുമെന്ന് തോന്നുന്നില്ല. എല്ലാ പരിപാടികളും നമുക്ക് മാറ്റിവെക്കാം. തത്‌കാലത്തെ വിലക്ക് കഴിഞ്ഞാലും തിരക്കുകൂട്ടി ഷൂട്ടിങ് നടത്തിയിട്ട് കാര്യമില്ല. സെപ്റ്റംബർ അവസാനംവരെ റിലീസ് ചെയ്യാനുള്ള സിനിമകൾ ഇപ്പോൾതന്നെ ക്യൂവിലാണ്. അതുകൊണ്ട് നമ്മുടെ പദ്ധതി ഒന്നു പുനരാലോചിക്കണം. തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറവുമായും ഞാനാലോചിച്ചു. ഈ കൊറോണാ ഭീഷണിയൊന്നു കടന്നുപോട്ടെ. അതിനുശേഷം തീരുമാനിക്കാം. എന്തുചെയ്യണമെന്ന്.’’
അല്ലെങ്കിലും അറിവുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ- ജീവിതം ഒരു മഹാദ്‌ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു.
മുമ്പും എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട് ആദ്യചിത്രം സംവിധാനംചെയ്യാൻ ഒരുങ്ങുമ്പോൾ ഒരുപാട് മനക്കോട്ടകളുണ്ടായിരുന്നു എന്റെ മനസ്സിൽ. കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തിൽ കഥകളി പഠിക്കാൻവരുന്ന മൂന്നു വിദ്യാർഥികളുടെ അതിമനോഹരമായ കഥ ജോൺ പോൾ പറഞ്ഞു. ജോൺ അന്ന് ഒരുപാട് തിരക്കുള്ള തിരക്കഥാകൃത്താണ്. ഭരതന്റെയും ഐ.വി. ശശിയുടെയും സിനിമകൾക്കിടയിൽനിന്ന് എനിക്കുവേണ്ടി എഴുതാൻ ജോൺ പോൾ വന്നു. ഞങ്ങൾ രണ്ടുപേരും ചെറുതുരുത്തിയിൽ താമസിച്ച് തിരക്കഥയുടെ പ്രാഥമികരൂപം തയ്യാറാക്കി. നെടുമുടി വേണുവും കമൽഹാസനുമാണ് നായകന്മാർ.
ആദ്യപടത്തിന്റെ ഷൂട്ടിങ് തുടങ്ങുംമുമ്പുതന്നെ എനിക്ക് അടുത്ത മൂന്നു സിനിമകൾ സംവിധാനം ചെയ്യാനുള്ള കരാറായി. അതും മലയാളത്തിലെ വമ്പൻ ബാനറുകൾ. വേണ്ടെന്നു പറഞ്ഞിട്ടും അതിലൊരു നിർമാതാവ് അഡ്വാൻസായി ഒരു ചെക്ക് നിർബന്ധപൂർവം എന്റെ പോക്കറ്റിലിട്ടുപോയി. തുടർച്ചയായി നാലു സിനിമകളുടെ വിജയലഹരി സ്വപ്നംകണ്ട് ‘ചമയം’ എന്ന പേരിൽ ഞാൻ ഷൂട്ടിങ് തുടങ്ങി (പിന്നീട് ഭരതൻ ചെയ്ത ‘ചമയ’മല്ല). അഞ്ചുദിവസം ഷൂട്ട് ചെയ്തപ്പോഴേക്കും മദ്രാസിൽനിന്ന് കമൽഹാസന്റെ മാനേജരുടെ ഫോൺകോൾ:
‘‘കെ. ബാലചന്ദറിന്റെ പുതിയപടം പെട്ടെന്ന് തുടങ്ങി. അതെപ്പോൾ തീരുമെന്ന് പറയാനാവില്ല. അതു കഴിഞ്ഞിട്ടേ കമൽഹാസൻ ഇനി വേറൊരു സിനിമയിൽ അഭിനയിക്കൂ.’’
ഷൂട്ടിങ് മുടങ്ങി. ഒന്നുകിൽ കമൽഹാസൻ വരുന്നതുവരെ കാത്തിരിക്കണം. അതല്ലെങ്കിൽ മറ്റൊരു നടനെ കണ്ടെത്തണം. ‘സംഭവം’ എന്ന സിനിമ നിർമിച്ച മജീന്ദ്രനായിരുന്നു എന്റെ നിർമാതാവ്. ഇനി എന്തു ചെയ്യണമെന്ന ആലോചന നടക്കുന്നതിനിടയിൽ അതിദാരുണമായി മജീന്ദ്രൻ കൊല്ലപ്പെട്ടു. അടുത്ത സിനിമ ഞാൻതന്നെ സംവിധാനം ചെയ്യണമെന്ന് നിർബന്ധംപിടിച്ച മറ്റ് മൂന്ന് നിർമാതാക്കളും അതോടെ പെട്ടെന്ന് അപ്രത്യക്ഷരായി. അവരെ ഫോണിൽപ്പോലും കിട്ടുന്നില്ല. രഹസ്യമായി ശങ്കരാടിയാണ് പറഞ്ഞത് ‘അവരെയിനി പ്രതീക്ഷിക്കണ്ട’, എന്ന്. ആദ്യസിനിമ മുടങ്ങിപ്പോയാൽ രാശിയില്ലാത്ത സംവിധായകനെന്ന് മുദ്രകുത്തപ്പെടും. അന്നും ‘പവനായി ശവമായി’. പിന്നീട് ഒരു വർഷത്തിനുശേഷമാണ് ‘കുറുക്കന്റെ കല്യാണ’ത്തിലൂടെ എന്റെ രണ്ടാം വരവ്. പറഞ്ഞുവന്നത് ഇതാണ്, അടുത്തനിമിഷം എന്തുസംഭവിക്കുമെന്നറിയാത്ത ഒരു അവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിലുടനീളമുണ്ട്. അതറിയാത്തവരാണ് ചെറിയ നേട്ടങ്ങളിൽ അഹങ്കരിക്കുന്നതും മറ്റുള്ളവരെ വെല്ലുവിളിക്കുന്നതും. ദൈവത്തെ ചിരിപ്പിക്കാൻ നമ്മുടെ ഭാവിപദ്ധതികൾ പറഞ്ഞാൽ മതിയെന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ടല്ലോ.
എല്ലാവരും ഇപ്പോൾ വീട്ടിലിരിപ്പാണ്. വർഷങ്ങളായി അടുപ്പിച്ചൊരു നാലുദിവസം വീട്ടിലിരിക്കാത്തവർപോലും. പ്രിയദർശൻ പറഞ്ഞു: ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെന്ന്. ഉച്ചയ്ക്ക് ഒരുമണിക്ക് ഞാൻ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ.
മമ്മൂട്ടി എറണാകുളത്ത് പുതിയ വീട്ടിലേക്കു താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വീടുമായൊന്നു പരിചയപ്പെടാൻ ഇപ്പോൾ ഇഷ്ടംപോലെ സമയം. ദുൽഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്.
ജോലിക്കാരെ വിശ്രമിക്കാൻ വിട്ട് നടൻ സിദ്ദിഖ് ഇപ്പോൾ കൂടുതൽ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്. ജയറാമിനെ ഫോണിൽ വിളിച്ചപ്പോൾ പാർവതി പറഞ്ഞു: ‘‘ജയറാം ഷർട്ട് ഇസ്തിരിയിടുകയാണ്’’ എന്ന്. തേപ്പുകാരനും സാമൂഹികഅകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീടിനോടുചേർന്നു പച്ചക്കറിത്തോട്ടത്തിൽ വിയർത്തു പണിയെടുക്കുന്നു. ഇവിടെ എന്റെ സ്ഥിതിയും വിഭിന്നമല്ല. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക് തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും ഭാര്യ നിമ്മിയെ സഹായിച്ചേ പറ്റൂ.
സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലംകൂടിയാണ്. നമുക്ക് നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവ്. ബംഗാളിൽനിന്നും ബിഹാറിൽനിന്നും വന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരും കണ്ണടച്ച് തുറക്കുംമുമ്പ് സ്ഥലംവിട്ടു. അവർക്കുമുണ്ടല്ലോ അവരുടെ നാടിനോടും വീടിനോടുമുള്ള സെന്റിമെന്റ്‌സ്.
സ്വന്തം വീടിന്റെ ഭൂമിശാസ്ത്രം പോലുമറിയാതെ ജീവിതവിജയത്തിനായി ഓടിനടന്ന പലരും അവനവന്റെ വീട്ടകങ്ങൾ വ്യക്തമായി കാണുന്നത് ഇപ്പോഴാണ്.
ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖമാണ് പെട്ടെന്ന് ഓർമവരുന്നത്.
‘തൂവൽകൊട്ടാരം’ എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്ത് നടക്കുന്ന സമയം. ജയറാമിനോടൊപ്പം ഒരു പ്രധാനവേഷത്തിൽ ഒടുവിലുമുണ്ട്. നിന്നുതിരിയാൻ നേരമില്ലായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് ഒരുപാട് സിനിമകൾ. ഒന്ന് തിരുവനന്തപുരത്താണെങ്കിൽ മറ്റൊന്നു കോഴിക്കോട്. ഒരെണ്ണം ഊട്ടിയിൽ. വേറൊരെണ്ണം ചെന്നൈയിൽ. അതിനിടയിലാണ് എന്റെ സിനിമയിലേക്കെത്തുന്നത്. അച്ചുവേട്ടൻ എന്ന ചെണ്ടവാദ്യക്കാരനാണ് കഥാപാത്രം. വീട്ടുവരാന്തയിൽ ജയറാമും സുകന്യയുമൊത്തുള്ള ഒരു പകൽരംഗം ചിത്രീകരിക്കവേ മുറ്റത്തിനോടു ചേർന്നുള്ള പറമ്പിൽ നിൽക്കുന്ന ഇരുമ്പൻപുളിയുടെ മരം ഉണ്യേട്ടന്റെ കണ്ണിൽപ്പെട്ടു. അതിൽ നിറയെ കുലകുലയായി കായ്‌ച്ചു നിൽക്കുന്ന ഇരുമ്പൻ പുളികൾ. അദ്‌ഭുതത്തോടെ ഒടുവിൽ പറഞ്ഞു: ‘‘ഇതൊന്നും ഇപ്പോൾ കാണാൻ കിട്ടാത്ത കാഴ്ചയാണ്. നാട്ടിൻപുറങ്ങളിൽപ്പോലും അപൂർവമായേ ഇരുമ്പൻപുളി നട്ടുവളർത്തുന്നുള്ളൂ. അച്ചാറുണ്ടാക്കിയാൽ ബഹുകേമമാണ്. ഒന്നുതൊട്ടു കൂട്ടിയാൽ സാധാരണ ഉണ്ണുന്നതിന്റെ ഇരട്ടി ചോറുണ്ണാം. അച്ചാർ മാത്രമല്ല, പരിപ്പിൽ ഇരുമ്പൻപുളിയിട്ടുവെച്ചാലും ബെസ്റ്റാ…’’
ഞാനും സമ്മതിച്ചു. എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. അന്നത്തെ ഷൂട്ടിങ് കഴിഞ്ഞുപോകുമ്പോൾ മടിയോടെയാണെങ്കിലും വീട്ടുകാരോടു ചോദിച്ച് കുറെ ഇരുമ്പൻ പുളികൾ ഒരു വലിയ കടലാസിൽ പൊതിഞ്ഞ് അമൂല്യനിധിപോലെ ഒടുവിൽ കൊണ്ടുപോയി. പിറ്റേന്ന് ഷൂട്ടിങ്ങിനെത്തിയപ്പോൾ ഉണ്യേട്ടന്റെ മുഖത്ത് പതിവില്ലാത്തൊരു ജാള്യം.
എന്നെ വിളിച്ചു മാറ്റിനിർത്തി പറഞ്ഞു: ‘‘വല്ലാത്തൊരു പറ്റായിപ്പോയി’’
‘‘എന്തേ’’
‘‘ഇന്നലെ ഞാനിവിടെനിന്ന് ഇരുമ്പൻ പുളികൊണ്ടുപോയല്ലോ. ഭാര്യയുടെ കൈയിൽ അതു ഭദ്രമായി ഏൽപ്പിച്ചിട്ടു പറഞ്ഞു, കാശു കൊടുത്താൽ കിട്ടാത്ത സാധനമാണ്. നാളെത്തന്നെ അച്ചാറിടണമെന്ന്.’’
‘‘എന്നിട്ടോ’’
കുട്ടികളെപോലെ നിഷ്‌കളങ്കമായി ഉണ്യേട്ടൻ നാണിച്ചു. ഭാര്യ അദ്ദേഹത്തിന്റെ കൈയും പിടിച്ച് വീടിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി പറഞ്ഞത്രേ:
‘‘ഇതെന്താണെന്ന് ഒന്നുനോക്കൂ.’’
അവിടെ, നിറയെ കായ്ച്ചുനിൽക്കുന്ന ഇരുമ്പൻ പുളിയുടെ ആറു മരങ്ങൾ. ആവശ്യക്കാരില്ലാത്തത്തുകൊണ്ട്് കുറെയൊക്കെ പഴുത്ത് താഴെ വീണുകിടക്കുന്നു. ‘‘ഇടയ്ക്കെങ്കിലും നമ്മുടെ വീടും പരിസരവും ഒന്നുകാണണ’’മെന്ന കുത്തുവാക്ക് വേറെയും.
ഇത് സിനിമക്കാരുടെ മാത്രം കാര്യമല്ല. തിരക്കുള്ള ഡോക്ടർമാരും വക്കീലുമാരും ബിസിനസ്സുകാരും മാധ്യമപ്രവർത്തകരുമൊക്കെയുണ്ടാകാം ഈ കൂട്ടത്തിൽ.
വാസ്തവത്തിൽ നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കാൻ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസെന്നുപോലും എനിക്കു സംശയമുണ്ട്.
നോക്കൂ, ഇവിടെയിപ്പോൾ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമല്ലാതായി. അമ്പലങ്ങളും പള്ളികളുമൊക്കെ നമുക്ക് ആരോഗ്യമുണ്ടെങ്കിൽ മാത്രം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണെന്ന ബോധ്യംവന്നു. സ്വന്തം കർമങ്ങൾ ആത്മാർഥമായി ചെയ്തിട്ട് കണ്ണടച്ച് ഒരുനിമിഷം പ്രാർഥിച്ചാൽ മതി, അത് ഈശ്വരൻ കൈക്കൊള്ളും. കോടികൾ ബാങ്കിലുണ്ടെങ്കിലും നമുക്കാവശ്യം ഇത്തിരി ഭക്ഷണവും കിടക്കാനൊരിടവും മാത്രമാണെന്ന തിരിച്ചറിവുണ്ടായി. എവിടെപ്പോയി എന്തെല്ലാം സാഹസങ്ങൾ കാണിച്ചാലും ഒടുവിൽ തിരിച്ചെത്തേണ്ടത്‌നമ്മുടെ സ്വന്തം വീട്ടിലേക്കാണെന്ന സത്യവും മനസ്സിലായി.
ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷംപോലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല. ഇവിടെയിപ്പോൾ പാമരനും പണ്ഡിതനുമില്ല. മുതലാളിയും തൊഴിലാളിയുമില്ല. എതിരേ വരുന്നത് സുന്ദരനാണോ സുന്ദരിയാണോ എന്നുപോലും തിരിച്ചറിയാൻപറ്റില്ല. കണ്ണുമാത്രമേ പുറത്തുള്ളൂ. ബാക്കിഭാഗം മാസ്ക് സ്വന്തമാക്കി. ബാറും ബിവറേജും ഇല്ലെങ്കിലും സൂര്യൻ പതിവുപോലെ ഉദിക്കുമെന്നും അസ്തമിക്കുമെന്നും ബോധ്യപ്പെട്ടു. അതൊക്കെ നമ്മളുണ്ടാക്കിയ ശീലങ്ങൾ മാത്രമായിരുന്നു.
ഒരു സുനാമിയോ പ്രളയമോ സൂക്ഷ്മനേത്രങ്ങൾക്കു കാണാൻപോലും കഴിയാത്ത ഒരു വൈറസോ മതി ജീവിതമാകെ തകിടംമറിയാൻ. എത്രയുംവേഗം ഈ ഇരുട്ടുമാറട്ടെ. പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നുചെല്ലാൻ വഴിയൊരുങ്ങട്ടെ. അപ്പോഴും ഇന്നത്തെ ഈ ജീവിതചര്യ ഓർമയിലുണ്ടാകണം.
ഈ ഒരുമയും അച്ചടക്കവും നിലനിർത്തണം.
ജീവിതം അവസാനിക്കുകയല്ല, ആരംഭിക്കുകയാണ്.