
സ്വന്തം ലേഖകൻ
കോട്ടയം: മമ്മൂട്ടി എറണാകുളത്ത് ഇടതു സ്ഥാനാർത്ഥിയാകുമെന്നും, മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്നുമുള്ള വാർത്തകൾക്കിടെ യാഥാർത്ഥ്യം വെളിപ്പെടുത്തി രണ്ടു പേരും രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ട് പോലുമില്ലെന്ന് വ്യക്തമാക്കിയാണ് രണ്ടു പേരും ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്.
കൈരളി ടിവി ചെയർമാൻ കൂടിയായ മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി അടു്ത്ത ബന്ധമാണ് ഉള്ളത്. ഇത് തന്നെയാണ് എറണാകുളത്ത് സിപിഎം സ്വതന്ത്രസ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ മമ്മൂട്ടി മത്സരിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ വാർത്തകളെയെല്ലാം മമ്മൂട്ടി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓഫിസിലെത്തി സന്ദർശിച്ച മോഹൻലാൽ, ബിജെപിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇതു കൂടാതെ ആർഎസ്എസിന്റെ കലാസാംസ്‌കാരിക വിഭാഗവുമായി അടുത്ത ബന്ധം മോഹൻലാലിനുണ്ട്. മോഹൻലാലിന്റെ പിതാവിന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ ഭാരവാഹികളിൽ ഏറെപ്പേരും സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കളും തന്നെയാണ്. ഇതാണ് മോഹൻലാലിന്റെ പേര് വ്യാപകമായി തിരുവന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പറഞ്ഞു കേട്ടിരുന്നത്.
ഇതിനിടെ ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് ഇരുവരും പറഞ്ഞു. മമ്മൂട്ടി എറണാകുളം സീറ്റിൽ എൽഡിഎഫിന്റെയും മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപിയുടെയും സ്ഥാനാർഥികളായേക്കുമെന്ന വാർത്തകൾക്കിടെയാണ് താരങ്ങളുടെ വിശദീകരണം.
ജനവിധിയ്ക്ക് നിന്നുകൊടുക്കാൻ രണ്ട് സൂപ്പർ താരങ്ങളും നിലവിൽ താല്പര്യമില്ലെന്നാണ് സൂചന. സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി രാജ്യ സഭയിലേയ്ക്ക് നേരത്തെ മമ്മൂട്ടിയെ പരിഗണിച്ചിരുന്നു. ഇതിനു മമ്മൂട്ടിയ്ക്ക് സമ്മതമായിരുന്നു താനും. എന്നാൽ, പാർട്ടിയ്ക്കുള്ളിലെ എതിർപ്പ് പരിഗണിച്ചാണ് അന്ന് മമ്മൂട്ടിയുടെ സ്ഥാനാർത്ഥിത്വം വേണ്ടെന്നു വച്ചത്. മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്ന് മോഹൻലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കി രാജ്യസഭയിൽ എത്തിക്കുന്നതിനും ആലോചനയുണ്ട്. സുരേഷ് ഗോപി രാജ്യസഭാ എംപി ആയതോടെയാണ് ഇരുവരും രാജ്യസഭാ സീറ്റ് മോഹികളായി മാറിയത്.