ഇടതോ വലതോ, മോഹന്‍ലാല്‍ ഏത് പാർട്ടിക്കൊപ്പം?; രാഷ്ട്രീയം തുറന്ന് പറഞ്ഞ് താരം

Spread the love

സിനിമാതാരങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സൂപ്പർ സ്റ്റാർ മോഹൻലാല്‍ തൻ്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹമില്ലെന്നും ചില ആശയങ്ങളോടും ചില ആളുകളോടും താല്‍പര്യങ്ങളുണ്ടെന്നുമാണ് താരം പറയുന്നത്. ഓണത്തോടനുബന്ധിച്ച്‌ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താരത്തിന്റെ വാക്കുകൾ:
പണ്ട് മുതലേ തമിഴ്- തെലുങ്ക് സിനിമയില്‍ നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങാറുണ്ട്. മലയാളം സിനിമയില്‍ അതില്ല. എനിക്ക് തോന്നുന്നു നസീര്‍ സാര്‍ മാത്രമേ അത് നോക്കിയിട്ടുള്ളു. ഇപ്പോള്‍ സുരേഷ് ഗോപിയുണ്ട്. മുകേഷ് ആണെങ്കിലും ഗണേഷാണെങ്കില്‍ അവരുടെ ജനനം മുതല്‍ രാഷ്ട്രീയം കണ്ടാണ് വളര്‍ന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സംഘടനാപ്രവര്‍ത്തനത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. അതിനുള്ള സമയമുണ്ടായിട്ടില്ല. പ്രത്യേക കക്ഷി രാഷ്ട്രീയം ഇതുവരെ ഉണ്ടായിട്ടില്ല. ചില ആശയങ്ങളോടും ചിലയാളുകളോടും ചില താല്‍പര്യങ്ങളുണ്ട്. ഒരു പാര്‍ട്ടിയെ കുറിച്ച്‌ ചുമ്മാ പറയാന്‍ പറ്റില്ല.

ഞാന്‍ ഒരു പാര്‍ട്ടിയിലെ ആളാണെന്ന് പറയുമ്ബോള്‍, ആ പാര്‍ട്ടിയെ കുറിച്ച്‌ പറയുമ്ബോള്‍ ആധികാരികമായി സംസാരിക്കാന്‍ അറിയണം. ആ ആശയവുമായി ബന്ധപ്പെട്ട് നല്ല ബോധം വേണം. ഇക്കാലയളവില്‍ അങ്ങനൊരു സാഹചര്യമുണ്ടായില്ല. ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.