
കൊച്ചി: മോഹൻ സിത്താരയ്ക്ക് ഇതൊരു മടങ്ങിവരവാണ്.
11 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമാ സംഗീതസംവിധായകൻ എന്ന നിലയില്‍ വീണ്ടുമൊരു ‘അരങ്ങേറ്റം’. മനസ്സില്‍ തൊടുന്ന ഈണങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീതസംവിധായകൻ അതേക്കുറിച്ച് പറയുമ്പോള്‍ കണ്ണുനിറഞ്ഞു, കണ്ഠമിടറി.
‘സംഗീതം തന്ന ഊർജം, കൂടെ ദൈവാനുഗ്രഹവും ഉറ്റവരുടെ പ്രാർഥനയും. ഇനിയൊരു മടങ്ങിവരവില്ലെന്ന് ഉറപ്പിച്ചതാണ്. സംഗീതമെന്ന കൂട്ടുകാരൻ ചേർത്തുപിടിച്ച് പറഞ്ഞു, സ്വരകന്യകമാർ വീണ്ടുമെത്തും, വീണമീട്ടുവാനെന്ന്… അത് ശരിയായി.’

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ചുമാസംമുൻപ് ദിവസങ്ങളോളം രോഗശയ്യയിലായിരുന്നു ഇദ്ദേഹം. ഇപ്പോഴിത് തിരിച്ചുവരവിന്റെ ഘട്ടമാണ്. അദ്ദേഹത്തിന്റെത്തന്നെ വാക്കുകള്‍: “2013-ല്‍ പുറത്തിറങ്ങിയ ‘അയാള്‍’ എന്ന സിനിമയിലായിരുന്നു സിനിമയ്ക്കുവേണ്ടി അവസാനം സംഗീതം ചെയ്തത്. പിന്നെ ചിലതൊക്കെ ചെയ്തു. പലതും പുറത്തുവന്നില്ല. ആരും വിളിക്കാതെയായി. പുറത്തിറങ്ങാറില്ല. പതിയെ ജീവിതം നിശ്ശബ്ദമായി. കൂട്ടിന് സംഗീതവും എഴുത്തും മാത്രം. പുതിയ സംഗീതസംവിധായകർ വന്നു. സംഗീതത്തിലും വന്നു, മാറ്റങ്ങള്‍. ആർക്കും വേണ്ടാതായെന്ന തോന്നല്‍. ഇതിന്റെ തുടർച്ചയായിട്ടാണ് അസുഖബാധിതനായത്.
ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെയാണ് ഇപ്പോള്‍ എന്റെ രണ്ടാംവരവ്.’
എഴുത്തോലയിലെ ‘അ, ആ, ഇ, ഈ’ എന്ന പാട്ട് വ്യഞ്ജനാക്ഷരങ്ങളില്‍ തുടങ്ങുന്നതാണ്. സംഗീതം ആദ്യം അഭ്യസിക്കുന്ന കുട്ടികള്‍ പഠിക്കുന്ന മായാമാളവഗൗളരാഗത്തില്‍ത്തന്നെ ഈ ഗാനം ചിട്ടപ്പെടുത്തിയത് തന്റെ രണ്ടാം അരങ്ങേറ്റം സൂചിപ്പിക്കാനായിരുന്നെന്ന് മോഹൻ സിത്താര പറയുന്നു.