
പ്രധാനമന്ത്രി ക്ഷേത്രദർശനത്തിനെത്തിയത് കേരളീയ വേഷത്തിൽ
സ്വന്തംലേഖകൻ
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയത് കേരളീയ വേഷത്തിൽ. രാവിലെ കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിൽ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദർശനത്തിന് വന്നത്. ഗവർണർ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു. പൂർണ്ണകുംഭം നൽകിയാണ് ഗുരുവായൂർ ദേവസ്വം അധികൃതർ പ്രധാനമന്ത്രിയെ വരവേറ്റത്. കർശന സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരിൽ സജ്ജമാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം അറിഞ്ഞ് വലിയ ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോദിയെ കാണാൻ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതൽ ഭക്തർക്ക് ക്ഷേത്ര ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയപ്പോൾ, വാഹനത്തിൽ അനുയായികളെ നോക്കി അഭിവാദ്യം ചെയ്താണ് അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയത്.പ്രധാനമന്ത്രിയെത്തുമ്പോൾ താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താനുള്ള ക്രമീകരണങ്ങൾ ദേവസ്വം അധികൃതർ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. കളഭച്ചാർത്ത് ഉൾപ്പെടെയുളള വഴിപാടുകളും നടത്തി.പ്രധാനമന്ത്രി പ്രത്യേക താൽപര്യമെടുത്ത് ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും പാൽപായസ നിവേദ്യവും നടത്തിയ പ്രധാനമന്ത്രി അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചുഒരു മണിക്കൂർ ക്ഷേത്രത്തിലുണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും അരമണിക്കൂറിനകം ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ക്ഷേത്രത്തിന് പുറത്തിറങ്ങി. ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ മോദി ദേവസ്വം മന്ത്രിയുമായും ഗുരുവായൂർ ദേവസ്വം ഭാരവാഹികളുമായി ചർച്ച നടത്തി. പൈതൃക സംരക്ഷണമടക്കം 452 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ദേവസ്വം അധികൃതർ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത്.