
ന്യൂഡൽഹി: ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
കർഷകർക്ക് ധനസഹായം നൽകുന്ന പി.എം. കിസാൻ നിധി ബില്ലിലാണ് ആദ്യം ഒപ്പുവെച്ചത്. 9.3 കോടി കർഷകർക്ക് സഹായം നൽകുന്ന പദ്ധതിയാണിത്. 20,000 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കിസാൻ നിധിയുടെ 17ാം ഗഡു നൽകാനുള്ള ഉത്തരവിലാണ് മോദി ഒപ്പുവെച്ചത്.
‘കർഷകരോട് പ്രതിബദ്ധതയുള്ള സർക്കാരാണ് ഞങ്ങളുടേത്. അതിനാലാണ് ചുമതലയേറ്റയുടൻ കിസാൻ നിധി ബില്ലിൽ ഒപ്പുവെച്ചത്. വരും ദിവസങ്ങളിൽ കർഷകർക്ക് കൂടുതൽ ഫലപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.’-ബില്ലിൽ ഒപ്പുവെച്ച ശേഷം മോദി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കും. ഇതിന് രാഷ്ട്രപതിയുടെ അനുമതി വേണം. മോദിയുടെ നേതൃത്വത്തിലുള്ള 72 അംഗ കേന്ദ്രമന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഇന്നലെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.
മോദിക്കു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും അധികാരമേറ്റു. പുതിയ സർക്കാരിൽ 30 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിമാരും 36 സഹമന്ത്രിമാരുമാണുള്ളത്.