‘ഇത് തുടക്കം മാത്രം,ബാക്കി കാത്തിരുന്ന് കാണൂ’ മോദി
സ്വന്തംലേഖകൻ
കോട്ടയം : ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തിലെ വലിയ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ലോകം മുഴുവനും കൂടെ നിൽക്കുകയാണ്. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെയുള്ള സർക്കാർ നീക്കങ്ങളുടെ ആദ്യ പടിയാണ് മസൂദ് അസറിനെതിരെയുള്ള നടപടിയെന്നും ബാക്കിയുള്ളത് ഇനി കാത്തിരുന്ന് കാണണമെന്നും രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകം മുഴുവൻ ഇന്ത്യയെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹവും ഇന്ത്യക്കൊപ്പം ചേർന്നിരിക്കുന്നു. ഇത് ഇന്ത്യയുടെ വലിയ വിജയം തന്നെയാണ്. ഇത് പ്രധാനമന്ത്രിയുടേത് മാത്രമല്ല രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിജയമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്നലെയാണ് ആഗോള ഭീകരനായി യു.എൻ പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ നിരന്തരമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ചൈന നിലപാട് മാറ്റിയതോടെയാണ് മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികൾ വിജയം കണ്ടത്. ഇന്ത്യയിൽ പുൽവാമ ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയ ജെയ്‌ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടു വരികയായിരുന്നു.