play-sharp-fill
മോദി രാജ്യത്തെ ചതിച്ചു;  ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങൾക്ക് അറിയണമെന്ന് രാഹുൽ

മോദി രാജ്യത്തെ ചതിച്ചു; ട്രംപുമായി എന്താണ് സംസാരിച്ചതെന്ന് ജനങ്ങൾക്ക് അറിയണമെന്ന് രാഹുൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് രാഹുലിന്റെ ഇടപെടൽ.

” കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാമോയെന്ന് മോദി ആവശ്യപ്പെട്ടതായാണ് ഡോണൾഡ് ട്രംപ് പറഞ്ഞത്. അത് ശരിയാണെങ്കിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച 1972 ലെ ഷിംല കരാറിനെയും ഇന്ത്യയുടെ താൽപര്യങ്ങളെയും വഞ്ചിക്കുകയാണ് മോദി ചെയ്തത്. ദുർബലമായ വിദേശകാര്യ മന്ത്രാലയത്തിന്റെ നിഷേധമല്ല ഇക്കാര്യത്തിൽ വേണ്ടത്. കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് മോദി പരസ്യപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമല്ലാതെ മൂന്നാമതൊരാളില്ലെന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ഉറച്ച നയത്തിനെതിരെ മോദി നിലപാടെടുത്തോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് പാർലമെൻറിലും ആവശ്യമുന്നയിച്ചു.

എന്നാൽ ട്രംപിന്റെ വെളിപ്പെടുത്തൽ തള്ളിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിഷയത്തിൽ ഒരു തരത്തിലുള്ള സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഷിംല കരാറിൻറെയും ലാഹോർ ഉടമ്പടിയുടെയും പശ്ചാത്തലത്തിൽ മാത്രമേ ചർച്ചയുള്ളൂ എന്ന നിലപാട് ആവർത്തിക്കുന്നുവെന്നും രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉഭയകക്ഷിപ്രകാരം മാത്രമേ പാടൂ. അതിൽ മൂന്നാമതൊരാൾക്ക് സ്ഥാനമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ജയ്ശങ്കർ സഭയിൽ പറഞ്ഞിരുന്നു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ചോദിച്ചുവെന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇത് ഇന്ത്യ നിഷേധിച്ചിരുന്നു.