ഇക്കുറിയും മോദി വാരണാസിയിൽ തന്നെ; രണ്ടാം സീറ്റ് വഡോദറയോ; ആകാംഷയിൽ രാഷ്ട്രീയ ലോകം

ഇക്കുറിയും മോദി വാരണാസിയിൽ തന്നെ; രണ്ടാം സീറ്റ് വഡോദറയോ; ആകാംഷയിൽ രാഷ്ട്രീയ ലോകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് രണ്ടാമൂഴം പ്രതീക്ഷിക്കുന്ന നരേന്ദ്ര മോദി ഇക്കുറിയും വാരണാസിയിൽ നിന്ന് തന്നെ മത്സരിക്കും. കഴിഞ്ഞ തവണ പോൾ ചെയ്തതിന്റെ പകുതിയിലധികം വോട്ട് നേടി വിജയിച്ച മണ്ഡലം ഇക്കുറിയും പ്രധാനമണ്ഡലമാകാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപി ഭരിക്കുന്ന യുപിയിലെ ഏറ്റവും ഉറപ്പുള്ള മണ്ഡലങ്ങളിൽ ഒന്നാണ് വാരണാസി. എന്നാൽ കഴിഞ്ഞ തവണ രണ്ടാം മണ്ഡലമായി സ്വന്തം നാടായ ഗുജറാത്തിലെ വഡോദര തിരഞ്ഞെടുത്ത പ്രധാനമന്ത്രി ഇക്കുറി മത്സരിക്കുന്ന രണ്ടാം സീറ്റ് എതെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ബി ജെ പി ദുർബലമായ സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി മത്സരിക്കണമെന്ന ആവശ്യം ഉയർന്നതിനാൽ കേരളവും തമിഴ്നാടും അടക്കം പട്ടികയിൽ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം സീറ്റ് ഏതാണ് എന്ന ആകാംഷ ഉയർന്നിരിക്കുന്നത്.

മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്‍ററി യോഗത്തിൽ പക്ഷേ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായില്ല. യോഗത്തില്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്ത് നിന്നും വിജയിച്ച മോദി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയേയുമാണ് തോല്‍പ്പിച്ചത്. ആദ്യ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം (2,09,238) വോട്ട് നേടിയപ്പോള്‍ മോദി പോള്‍ ചെയ്തതില്‍ 56.37 ശതമാനം (5,81,022) വോട്ടാണ് നേടിയത്. 1991, 96, 98, 99, 2009 ലും ബിജെപിയെ ജയിപ്പിച്ച വാരണാസി 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. അന്ന് ഡോ.രാജേഷ് കുമാര്‍ മിസ്രയാണ് വാരണാസിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. 1998 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് വഡോദര. 2014 ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി വഡോദരയിലെ സീറ്റ് രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ ബട്ടാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്.