ഇതൊക്കെ നടക്കുന്നത് മോദി അറിഞ്ഞു തന്നെ ആണോ..! ആംബാനിയ്ക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; നോട്ടീസ അയച്ചത് കള്ളപ്പണ ഇടപാടിന്റെ പേരിൽ; ആകെ പെട്ട് റിലയൻസ് ഗ്രൂപ്പ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് അംബാദി ആദാനി ഗ്രൂപ്പുകൾ മോദി സർക്കാരിന് ഏറെ വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരുമാണ് എന്നാണ് സോഷ്യൽ മീഡിയ – പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് സർക്കാരിന്റെ കള്ളപ്പണവേട്ടയിൽ ആഞടിച്ചിരിക്കുകയാണ് ഇപ്പോൾ മോദി സർക്കാരിന്റെ സ്വന്തം ആദയ നികുതി വകുപ്പ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട 2015 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മുകേഷ് അംബാനിയുടെ കുടുംബത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ ആദായ നികുതി വകുപ്പ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയെന്ന വാർത്ത പുറത്തുവരുമ്പോൾ ഉയരുന്നത് വലിയ ആശ്ചര്യമാണ്. തീക്കട്ടയിൽ ഉറുമ്പരിക്കുമോ എന്നു ചോദിക്കുന്നവർ പോലും നിരവധിയാണ്. ഉന്നതരുമായുള്ള മുകേഷ് അംബാനിയുടെ ബന്ധം തന്നെയാണ് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നത്.
എന്തായാലും മുകേഷ് അംബാനിയുടെ കുടുംബത്തെ തേടി ആദായനികുതി വകുപ്പിന്റെ നോട്ടീസ് എത്തിയ വിവരം ഇന്ത്യൻ എക്‌സ്പ്രസാണ് റിപ്പോർട്ടു ചെയ്തത്. വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരിൽ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതായി റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മുന്ന് കുട്ടികൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജനീവയിലെ എച്ച് എസ് ബി സി ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചാണ് വിശദീകരണം തേടിയതെന്നാണ് വാർത്തകൾ. ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.
2015 ലെ കള്ളപ്പണനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് മുകേഷ് അംബാനിയുടെ കുടുംബത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. എച്ച് എസ് ബി സിയെ നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകിയത്. ഈ അക്കൗണ്ടിന്റെ യഥാർത്ഥ അവകാശികൾ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വിദേശ അക്കൗണ്ടുകൾ സംബന്ധിച്ച് 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകൾ കണ്ടെത്തിയത്. പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് നോട്ടീസ് നൽകിയത്.
എച്ച്എസ്ബിസി ജനീവയിൽ 700 വ്യക്തികൾക്ക് അക്കൗണ്ട് ഉള്ളതായി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഐടി വിഭാഗം അന്വേഷണം ആരംഭിച്ചത്. എച്ച്എസ്ബിസി ജനീവ അക്കൗണ്ട് ഉള്ളവരുടെ എണ്ണം 1,195 ആയി വർധിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പ് അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി നൽകിയത് 2019 ഫെബ്രുവരി നാലിനാണ്. ഇതിനു ശേഷം മാർച്ച് 28 നാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. എന്നാൽ, നോട്ടീസിലെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് റിലയൻസ് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.