മോദി സർക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്; നൂറുദിന കർമപരിപാടികൾക്ക് അംഗീകാരം നൽകും
സ്വന്തംലേഖകൻ
രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്് ചേരും. വിവിധ മന്ത്രാലയങ്ങൾ ആസൂത്രണം ചെയ്ത നൂറുദിന കർമ പരിപാടികൾക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നൽകുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരിഷ്‌കരണമാണ് നൂറുദിന കർമ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കർമപരിപാടിയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ തയ്യാറാക്കിയ പരിപാടികളും ഇതിലുൾപ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന കർമപരിപാടികൾക്ക് അംഗീകാരം നൽകിയേക്കും. ഇതിന് പുറമെ ഒന്നാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്റെ പരിഗണനക്ക് വന്നേക്കും. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് വിവരം. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ് ഗൌബ. നിലവിൽ കാബിനറ്റ് സെക്രട്ടറിയായിട്ടുള്ള പ്രദീപ് കുമാർ സിൻഹയുടെ കാലാവധി ജൂൺ 12ന് അവസാനിക്കും.