play-sharp-fill
മോദിയുടെ പതിനഞ്ച് ലക്ഷം പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ വരും: പറഞ്ഞതും കേട്ടതും പാതി മാത്രം; ക്യൂ നിൽക്കാൻ ആളുകൾ പോസ്റ്റ്ഓഫിസിലേയ്ക്ക് ഓടി

മോദിയുടെ പതിനഞ്ച് ലക്ഷം പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ വരും: പറഞ്ഞതും കേട്ടതും പാതി മാത്രം; ക്യൂ നിൽക്കാൻ ആളുകൾ പോസ്റ്റ്ഓഫിസിലേയ്ക്ക് ഓടി

സ്വന്തം ലേഖകൻ
മൂന്നാർ: വാട്‌സ്അപ്പ് ലേഖനങ്ങളുടെ സത്യവും മിഥ്യയും തിരിച്ചറിയാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. ആർക്കും എന്തും അടിച്ചു വിടാവുന്ന വാട്‌സ്അപ്പ് ലേഖനങ്ങളെ വിശ്വസിച്ച് മണ്ടന്മാരാകുന്നത് സാധാരണക്കാരാണ്. പക്ഷേ, ഇത്തരം ഔദ്യോഗിക സ്വഭാവമുള്ള ലേഖനങ്ങളുടെ പേരിൽ ബലിയാടാകുന്നത് പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുമാകും. പ്രളയത്തിന്റെ ധനസഹായം നൽകുന്നതായുള്ള അപേക്ഷ ക്ഷണിക്കുന്നതായി വാട്‌സ്അപ്പിൽ പ്രചരിച്ചതിനു പിന്നാലെ ജില്ലാ കളക്ടറേറ്റിൽ എത്തിയത് ആയിരങ്ങളാണ്. ഇതേ സമാനമായ സംഭവമാണ് ഇടുക്കിയിൽ മൂന്നാറിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായ പതിനഞ്ചുലക്ഷം രൂപ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലെത്താൻ പോകുന്നുവെന്നും ഉടൻ അക്കൗണ്ടെടുക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്്. അതോടെ അക്കൗണ്ടെടുക്കാനായി ആളുകൾ പോസ്റ്റ് ഓഫീസിലേക്ക് പാഞ്ഞു.
വാർത്ത ശരിയല്ലെന്നു പറഞ്ഞുമനസ്സിലാക്കാൻ പോസ്റ്റ് ഓഫീസ് ജീവനക്കാർ ശ്രമിച്ചെങ്കിലും ആളുകൾ വഴങ്ങിയില്ല. നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഓഫീസിലെത്തിയത്. പോസ്റ്റ് ഓഫീസിനു പരിസരത്തെ ആൾക്കൂട്ടം വലുതായതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്കുപോലീസിനെ വിളിക്കേണ്ടി വന്നു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ആളുകൾ പിരിഞ്ഞുപോയില്ല.
കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ആരംഭിച്ച പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതി ഞായറാഴ്ചയാണ് മൂന്നാറിൽ ആരംഭിച്ചത്.100 രൂപ, ആധാർ കാർഡ്, 2 ഫോട്ടോ എന്നിവയാണ് അക്കൗണ്ട് തുറക്കാനാവശ്യം. അക്കൗണ്ട് ആരംഭിക്കുന്നവർക്ക് ഒരു ക്യൂ ആർ കാർഡും നൽകും. ഒരു ലക്ഷം രൂപ വരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഈ പണം ഉപയോഗിച്ച് വിവിധ ബില്ലുകൾ അടക്കാനും നെറ്റ് ബാങ്കിങ് വഴി കൈമാറാനും കഴിയും.എന്നാൽ ഇതിനു പകരം, അക്കൗണ്ട് തുടങ്ങിയാൽ കേന്ദ്ര സർക്കാരിന്റെ പണം കിട്ടുമെന്ന് പ്രചരിച്ചതോടെ എസ്റ്റേറ്റ് മേഖലയിൽ നിന്നും മറ്റും തൊഴിലാളികൾ അവധിയെടുത്ത് വാഹനങ്ങളിൽ മൂന്നാറിൽ എത്തി പോസ്റ്റ് ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു.
ദേവികുളം ആർ ഡി ഒ ഓഫീസിൽനിന്ന് സൗജന്യമായി സ്ഥലവും വീടും കിട്ടുമെന്ന വ്യാജപ്രചരണത്തെ തുടർന്നും ആളുകൾ വഞ്ചിതരായി. ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ ദേവികുളം ആർ ഡി ഒ ഓഫിസിനു മുന്നിൽ തൊഴിലാളികൾ സ്ഥലവും വീടും ലഭിക്കുന്നതിനുള്ള അപേക്ഷകളുമായി അതിരാവിലെ മുതൽ കാത്തു നിൽക്കാൻ തുടങ്ങി. കുറ്റിയാർവാലിയിൽ തൊഴിലാളികൾക്ക് ഭൂമി വിതരണം ഓഗസ്റ്റ് ഒന്നിന് തുടങ്ങാനിരിക്കെ, ഈ ലിസ്റ്റലില്ലാത്തവർക്ക് പുതുതായി അപേക്ഷ നൽകിയാൽ ഭൂമിയും വീടു പണിയാൻ പണവും ലഭിക്കുമെന്ന വ്യാജപ്രചരണം പരന്നതാണ് തൊഴിലാളികൾ കൂട്ടത്തോടെ എത്താൻ കാരണം.
ഉച്ചയോടെ അധികൃതർ ഇക്കാര്യം നിഷേധിച്ചെങ്കിലും തൊഴിലാളികൾ മടങ്ങാൻ തയ്യാറായില്ല.ചൊവ്വാഴ്ചയും തൊഴിലാളികൾ അപേക്ഷകളുമായി എത്തിയതോടെ ആർ ഡി ഒ ഓഫിസിൽനിന്നും ഇക്കാര്യം നിഷേധിച്ച് നോട്ടീസ് ഇറക്കിയതോടെയാണ് തൊഴിലാളികൾ മടങ്ങിയത്. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കാൻ സബ് കളക്ടർ രേണു രാജ് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.