മോഡിക്ക് അടിതെറ്റിയത് കക്കൂസ് നിർമ്മാണത്തിലെ പാളിച്ചകളും നോട്ട് നിരോധനവും; 2019ലെ മോഡിയുടെ പതനത്തിന് തുടക്കമിട്ട് കോൺഗ്രസ്സ്; രാഹുൽ മോദിയ്ക്ക് ബദലായി വളരുന്നു
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞിട്ടും നാൾക്കുനാൾ വില വർധിപ്പിച്ചതും, കള്ളപണം വെളുപ്പിക്കൽ തടയാനെന്ന പേരിൽ നടത്തിയ നോട്ട് നിരോധനവും, കർഷകർക്ക് അനുകൂലമല്ലാത്ത നിലപാടും അധികകാലം ഇന്ത്യൻ ജനതയെ ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന് മുന്നറിയിപ്പു നൽകുകയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുഫലം. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ് ഇനിയും ജനത്തെ വശത്താക്കാൻ കഴിയില്ലെന്നാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികളിൽ നിന്ന് വ്യക്തമാകുന്നത്. തളർന്നു കിടന്ന കോൺഗ്രസിന് യുവത്വത്തിന്റെ നേതൃത്വത്തിലൂടെ പുതു ജീവനേകിയ രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വെല്ലുവിളി ഉയർത്തി കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം കോൺഗ്രസിന് പുതുശ്വാസമാണ് ഏകുന്നത്.
മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തുമെന്നും 2019ൽ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. മധ്യപ്രദേശും ചത്തീസ്ഗഡും രാജസ്ഥാൻ ഫലവും കോൺഗ്രസ്സിനൊപ്പം എന്ന് ഉറപ്പായ സ്ഥിതിക്ക് ഈ തോൽവികളുടെ ഉത്തരവാദിത്തവും മോദി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. ജയം മാത്രമല്ല തോൽവിയും ഉത്തരവാദിത്തമാണെന്ന് മോദി മനസ്സിലാക്കണം. മുൻ തിരഞ്ഞെടുപ്പുകളിൽ അധീശ്വത്തത്തോടെ വിജയം നേടിയിരുന്ന ബിജെപിയ്ക്കും സഖ്യ കക്ഷികൾക്കും വൻ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരുന്ന പരാജയം. ഒരിടത്തു പോലും ഇതുവരെയും ഈ രീതിയിലുള്ള പരാജയം ബിജെപിയ്ക്ക് നേരിടേണ്ട വന്നിട്ടില്ല. ഇത് തന്നെയാണ് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോ്ൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഘടകവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദുത്വവും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാൻ നെട്ടോട്ടമോടുമ്പോൾ മതേതര മനസ്സുകൾ മറ്റൊരിടത്ത് സംഘടിക്കുന്നുണ്ട്. അവർ കോൺഗ്രസ്സിനെ വിജയിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായി രംഗത്തുണ്ടെന്നും മോദിയും അമിത്ഷായും തിരിച്ചറിയണം. കോൺഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൂടി പരസ്യമായി വ്യക്തമാക്കിയ നിലയിൽ നോട്ട് നിരോധനാനന്തര ഇന്ത്യയിൽ മോദിയുടെയും അമിത് ഷായുടെയും വഴികൾ എളുപ്പമാവില്ല. ഒരു വശത്ത് ആർഎസ്എസ് രാമക്ഷേത്ര നിർമ്മാണം എന്ന അജണ്ട ശക്തമാക്കി യുപിയിൽ സംഘപരിവാർ സംഘടനകളെ സംഘടിപ്പിച്ച് മുന്നോട്ട് പോകുകയാണ്. ഇതിനിടെയാണ് ജനാധിപത്യ ബദൽ എന്ന മാർഗവുമായി കോൺഗ്രസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പെട്രോൾ ഡീസൽ വില വർധിപ്പിക്കുന്നത് ഉത്തരേന്ത്യയിൽ കക്കൂസ് ഇല്ലാത്തവർക്ക് നിർമ്മിച്ചു കൊടുക്കാനാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ, പെട്രോൾ ഡീസൽ വില വർധിച്ചതല്ലാതെ നരേന്ദ്രമോദിയുടെ സ്വച്ഭാരത് പദ്ധതിയും കക്കൂസ് നിർമ്മാണവും എ്ങ്ങും എത്തിയിട്ടില്ല. ഗ്രാമീണ മേഖലയിൽ കാർഷിക വിളകളുടെ വിലയിടിച്ചിൽ അടക്കമുള്ളവ ബിജെപിയ്ക്ക് തിരിച്ചടിയായി. കർഷകപ്രതിഷേധങ്ങളാണ് രാജസ്ഥാനിലും, മധ്യപ്രദേശിലും ബിജെപിയുടെ നട്ടെല്ലൊടിച്ചത്. എന്നാൽ, ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ നേരിടാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾ തന്നെയാണ് രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ച് വരവിന് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്. അഞ്ചിൽ മൂന്നിടത്തും കോൺഗ്രസ് ശക്തമായ വിജയം കൊയ്തപ്പോൾ, മിസോറാമും തെലങ്കാനയും മാത്രമാണ് രാഹുൽ ഗാന്ധിയുടെ തന്ത്രത്തിനൊപ്പം നിൽക്കാതിരുന്നത്.