വിദ്യാര്‍ത്ഥിനികളുടെ മൂത്രപ്പുരയിലെ ദൃശ്യങ്ങള്‍ പി.ടി.എ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു ; വനിതാ പി.ടി.എ അംഗത്തിനെതിരെ പ്രധാനാദ്ധ്യാപിക; പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയില്ലെന്ന് ആക്ഷേപം
കൊച്ചി: വിദ്യാര്‍ത്ഥിനികളുടെ മൂത്രപ്പുരയിലെ ദൃശ്യങ്ങള്‍ പി.ടി.എ യോഗത്തില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതെ തൃക്കാക്കര പൊലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം.
തൃക്കാക്കരയിലെ ഒരു സ്കൂളിലെ വനിതാ പി.ടി.എ അംഗത്തിനെതിരെ പ്രധാനാദ്ധ്യാപിക പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടിയില്ല. ഇവരുടെ ഫോണും പരിശോധിച്ചിച്ചില്ല. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഉടനെ തന്നെ പരാതിയും നല്‍കി.
പി.ടി.എ യോഗത്തില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരയിലെ ഫോട്ടോയും വിഡിയോയും ചില രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇവരെ പി.ടി.എ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ഈ യുവതി ദൃശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനെയും കാണിച്ചു. ഇദ്ദേഹം താക്കീത് നല്‍കിയതായും പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ ഇവര്‍ നിരവധി വ്യാജപരാതികളും നല്‍കിയിട്ടുണ്ടെന്നും പ്രധാന അദ്ധ്യാപികയുടെ പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ ഇവര്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നും പ്രചരിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ക്കെതിരെ പോക്സോ കേസെടുക്കണമെന്നും തൃക്കാക്കര അസി. കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപിക കുട്ടികളുടെ അടിവസ്ത്രം പരിശോധിച്ചെന്ന് ഇവര്‍ മുമ്പ് പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.