
കൊച്ചി: ട്രയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്, റെയിൽവേ സ്റ്റേഷനുകളിൽ വിലയേറിയ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുമ്പോൾ ജാഗ്രത. കണ്ണൊന്ന് തെറ്റിയാൽ മൊബൈലിന്‍റെ പൊടിപോലും കിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ മൊബൈൽ ഫോണുകൾ ചാർജിൽ ഇടുന്നതും നോക്കി തക്കം പാർത്തു കള്ളന്മാർ ഉണ്ടെന്നും ജാഗ്രത വേണമെന്നും റെയിൽവെ പൊലീസ്. ഇത്തരത്തിൽ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കള്ളനെ ആർപിഎഫ് സ്ക്വാഡ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി.
തിരുവനന്തപുരം തിരുമല സ്വദേശിയായ ജോസഫ്. എ ആണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ഇന്ന് പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആണ് മോഷണ ശ്രമത്തിനിടെ ജോസഫിനെ പൊലീസ് കൈയ്യോടെ പിടികൂടിയത്. പ്ലാറ്റ് ഫോമിൽ ചാർജ് ചെയ്തുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോണാണ് ജോസഫ് അറസ്റ്റ് ചെയ്തത്. ഫോൺ നഷ്ടപ്പെട്ടതറിഞ്ഞ് തിരുവനന്തപുരം സ്വദേശി റെയിൽവേ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ആർപിഎഫ് സ്പെഷ്യൽ സ്‌ക്വാഡ് സിസിടിവി യുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ പിടികൂടിയത്.
നോർത്ത് റെയിൽവേ സ്റ്റേഷനിൽ സമാന മോഷണം
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സമാനരീതിയിൽ മോഷണം നടത്തിയതായി ജോസഫ് പറഞ്ഞു. ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ സബ് -ഇൻസ്‌പെക്ടർ മണികണ്ഠൻ, അസിസ്റ്റന്റ് സബ് -ഇൻസ്‌പെക്ടർമാരായ രമേശ്‌കുമാർ, ശ്രീകുമാർ , കോൺസ്റ്റബിൾ മാരായ അജയഘോഷ്, പ്രമോദ്, അൻസാർ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group