play-sharp-fill
പൂട്ട് അറുത്തു മാറ്റാൻ ആംഗിള്‍ ഗ്രൈന്‍ഡര്‍ ഫ്ളിപ്പ് കാര്‍ട്ടില്‍ നിന്നും വാങ്ങി; മോഷ്ടിച്ച ഫോണുകൾ വില്പന ന‌ടത്താൻ വ്യാജ ഡ്രൈവിം​ഗ് ലൈസെൻസ്; മൊബൈൽ ഷോപ്പിൽ നിന്ന് പതിനഞ്ച് ഫോണുകള്‍ മോഷ്ടിച്ച വിരുതന്മാർ പൊലീസ് പിടിയിൽ

പൂട്ട് അറുത്തു മാറ്റാൻ ആംഗിള്‍ ഗ്രൈന്‍ഡര്‍ ഫ്ളിപ്പ് കാര്‍ട്ടില്‍ നിന്നും വാങ്ങി; മോഷ്ടിച്ച ഫോണുകൾ വില്പന ന‌ടത്താൻ വ്യാജ ഡ്രൈവിം​ഗ് ലൈസെൻസ്; മൊബൈൽ ഷോപ്പിൽ നിന്ന് പതിനഞ്ച് ഫോണുകള്‍ മോഷ്ടിച്ച വിരുതന്മാർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
കോഴിക്കോട്: മൊബൈല്‍ ഷോപ്പില്‍ നിന്ന് പതിനഞ്ച് ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍.
മുക്കം മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടില്‍ മുഹ്സിന്‍ (20), പൂവത്തിക്കല്‍ വീട്ടില്‍ അജാസ്( 20),എന്നിവരാണ് പിടിയിലായത്.

നവംബര്‍ രണ്ടിന് പുലര്‍ച്ചെ 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈല്‍സിന്റെ പൂട്ട് അറുത്തു മാറ്റി ഹെല്‍മെറ്റ്‌ ധരിച്ചു അകത്ത കയറിയ പ്രതികള്‍ കവര്‍ച്ച നടത്തിയത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണം.

ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആംഗിള്‍ ഗ്രൈന്‍ഡര്‍ ഫ്ളിപ്പ് കാര്‍ട്ടില്‍ നിന്നും 5,800 രൂപക്ക് ഓണ്‍ലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്പത്തൂര്‍, തിരൂര്‍, കല്‍പ്പറ്റ, കുന്നമംഗലം എന്നിവിടങ്ങളിലെ മൊബൈല്‍ ഷോപ്പുകളില്‍ ഏഴ് ഫോണുകള്‍ സംഘം വിറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത കണ്ണൂര്‍ സ്വദേശിയായ റോഷന്‍ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിം​ഗ് ലൈസെന്‍സിന്റെ കോപ്പിയാണ് തിരിച്ചറിയല്‍ രേഖയായി ഫോണ്‍ വിറ്റ കടകളില്‍ പ്രതികള്‍ നല്‍കിയത്.

കിട്ടിയ പണം പ്രതികള്‍ വീതിച്ചെടുക്കുകയായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട മൂന്ന് ഫോണുകള്‍ കണ്ടെടുത്തു. താത്കാലിക സാമ്പത്തിക പ്രയാസം മാറ്റാനാണ് മോഷണം നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുവാന്‍ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതോടെ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ ബാക്കിയുള്ള എട്ട് ഫോണുകള്‍ നാലാം തിയതി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ചേന്ദമംഗലൂര്‍ പാലത്തിനടിയില്‍ ഇരുവഴിഞ്ഞിപുഴയില്‍ എറിഞ്ഞതായി മൊഴി നല്‍കി. ആഴമേറിയ ഭാഗത്ത്‌ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നുകണ്ടു കിട്ടിയില്ല. പ്രതികളെ താമരശ്ശേരി ജെഎഫ്സിഎം 2 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.