play-sharp-fill
മൊബൈൽ ഫോൺ വാങ്ങിയ ഭാര്യയെ ഭർത്താവ് തൂമ്പാ കൈയ്ക്ക് അടിച്ചു: ഭാര്യ ആശുപത്രിയിലും ഭർത്താവ് ജയിലിലും

മൊബൈൽ ഫോൺ വാങ്ങിയ ഭാര്യയെ ഭർത്താവ് തൂമ്പാ കൈയ്ക്ക് അടിച്ചു: ഭാര്യ ആശുപത്രിയിലും ഭർത്താവ് ജയിലിലും

സ്വന്തം ലേഖകൻ

കൊല്ലം: എല്ലാവരുടെയും കയ്യിലും മൊബൈൽ ഫോണുള്ള കാലത്ത് മൊബൈൽ വാങ്ങിയതിന്റെ പേരിൽ ഭാര്യ ആശുപത്രിയിലും ഭർത്താവ് ജയിലിലുമായി. കൊല്ലം എഴുകോണിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർത്താവ് അറിയാതെ മൊബൈല്‍ ഫോണ്‍ വാങ്ങിയതില്‍ കലി പൂണ്ട ഭര്‍ത്താവ് ഭാര്യയെ തൂമ്പാക്കൈകൊണ്ട് മര്‍ദിച്ചവശയാക്കുകയായിരുന്നു.  അക്രമം കണ്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ച ഭാര്യാസഹോദരനെ തലയ്ക്കടിച്ച്‌ വീഴ്ത്തുകയും ചെയ്തു. സംഭവത്തിൽ  ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഭാര്യാ സഹോദരനും ആശുപത്രിയിലാണ്.  സംഭവത്തില്‍ കടയ്‌ക്കോട് റേഷന്‍കടമുക്ക് ശക്തിമന്ദിരത്തില്‍ സുരേഷിനെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം നടന്നത്. ഭാര്യ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ഇഷ്ടപ്പെടാതിരുന്ന ഭര്‍ത്താവ് വഴക്ക് പറയുകയും അത് പിന്നീട് കൈയാങ്കളിയില്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കൈയില്‍ കിട്ടിയ തൂമ്പ എടുത്ത് മര്‍ദിക്കാന്‍ തുടങ്ങിയത്.
ഭാര്യാസഹോദരന്‍ മുരളീധരന്റെ തലയ്ക്ക് എട്ട് തുന്നലുണ്ട്. ഇവരെ രണ്ടുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും ആക്രമിച്ചതിനെ തുടര്‍ന്ന് വധശ്രമത്തിനാണ് സുരേഷിന്റെ പേരില്‍ കേസെടുത്തത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.