തല്ലിപ്പൊട്ടിച്ച് കളഞ്ഞിട്ടും തെളിവ് തിരിച്ചു വന്നു: അമ്പൂരി കൊലക്കേസിൽ പ്രതികൾക്ക് കൂടുതൽ കുരുക്കായി രാഖിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മറ്റൊരു വിവാഹത്തിനായി കാമുകിയെ ഒഴിവാക്കാൻ അതിക്രൂര കൊലപാതകം നടത്തിയ പട്ടാളക്കാരനും കൂട്ടാളികൾക്കും കുരുക്ക് മുറുക്കി പൊലീസ്. പ്രതികൾ തല്ലിപ്പൊട്ടിച്ച് കളഞ്ഞ നിർണ്ണായക തെളിവ് വീണ്ടെടുത്ത പൊലീസ് പ്രതികൾക്കെതിരായ തെളിവ് കൂടുതൽ ശക്തമാക്കി.
അമ്പൂരിയില്‍ കൊല ചെയ്യപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണാണ് തല്ലിപ്പൊട്ടിച്ച് കളഞ്ഞിട്ടും പൊലീസ് കണ്ടെത്തിയത്. അമ്പൂരി വാഴച്ചാലില്‍ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് ഉപേക്ഷിച്ചത്.
രാഖിയുടെ വസ്ത്രങ്ങളും സമീപപ്രദേശത്ത് തന്നെ ഉപേക്ഷിച്ചതായി പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. ഇതിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കണ്ടെടുത്തിയിരുന്നു. മൃതദേഹം കുഴിച്ചിട്ട വീടിന് സമീപത്ത് നിന്ന് രാഖിയുടെ കഴുത്ത് മുറുക്കാൻ ഉപയോഗിച്ച കയറും , ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഖിയുടെ മൊബൈൽ ഫോൺ ലഭിച്ചിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ വീട്ടില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദര്‍ശും ചേര്‍ന്നാണ് തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ച് കൊടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group