
മദ്യപാനത്തിനിടെ മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; ഉറങ്ങിക്കിടന്നയാളെ തലയക്കടിച്ച് കൊലപ്പെടുത്തിയ കോട്ടയം സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖിക
കൊല്ലം: ഉറങ്ങിക്കിടന്നയാളെ തലയക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
തമിഴ്നാട് മധുര ഇല്യാസ് നഗറില്‍ വേലുതേവര്‍ മകന്‍ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി ബിജുവിനെ (38) ചവറ പോലീസ് പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നണ് കൊലപാതകം. തമിഴ്നാട് സ്വദേശിയെ ഒപ്പം ജോലിചെയ്യുന്ന ബിജു തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു സംഭവം. നീണ്ടകര പുത്തന്‍തുറയ്ക്കു സമീപത്തെ ദേവീക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ക്ക് എത്തിയതാണ് ഇരുവരും.
വ്യാഴാഴ്ച രാത്രി ഇരുവരുമൊരുമിച്ചു മദ്യപിക്കുകയും മൊബൈല്‍ ഫോണിനെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയും ചെയ്തതായി പോലീസ് പറയുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനുസമീപം ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയില്‍ ബിജു ജോലിക്കുപയോഗിക്കുന്ന കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു.
അടിയില്‍ മഹാലിംഗത്തിന്റെ തല തകര്‍ന്നു. ഇതിനുശേഷം ബിജുതന്നെയാണ് ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആംബുലന്‍സ് ജീവനക്കാര്‍ എത്തിയപ്പോള്‍ കൊല്ലപ്പെട്ടനിലയില്‍ മഹാലിംഗത്തിന്റെ മൃതദേഹമാണ് കണ്ടത്.
തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ഇവര്‍ ചവറ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി. ചോദ്യംചെയ്യലില്‍ ബിജു കുറ്റം സമ്മതിച്ചു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.