ചുണ്ടിൽ ഹാൻസും, മൊബൈലിൽ അശ്ലീല വീഡിയോയും: കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലീലാവിലാസങ്ങൾ പുറത്ത്; എങ്ങിനെ വിശ്വസിച്ച് ഈ വണ്ടികളിൽ വിടും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചുണ്ടി്നിടയിൽ ഹാൻസും തിരുകി, മൊബൈലിൽ അശ്ലീല വീഡിയോകളും സൂക്ഷിച്ച് സ്കൂൾ കുട്ടികളെയുമായി സ്വകാര്യ വാഹനങ്ങളിൽ മിന്നിപ്പറക്കുന്ന ഡ്രൈവർമാർ പൊലീസ് പിടിയിലായി. സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകളിൽ അശ്ലീല വീഡിയോകൾ കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോൾ മദ്യലഹരിയിലായിരുന്ന രണ്ട് ഡ്രൈവർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പോലീസ് പരിശോധന നടത്തിയത്. 38 സ്കൂളുകളിലെ 400 ഡ്രൈവർമാരെയും ക്ലീനർമാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
നഗരത്തിലെ സ്വകാര്യ വാനുകളുടെ ഡ്രൈവർമാരെയും ക്ലീനർമാരെയും പരിശോധിച്ച പൊലീസ് ഇവരിൽ 50 പേരുടെ ഫോണുകളിലാണ് അശ്ലീല വീഡിയോകൾ കണ്ടെത്തിയത്. ഇവരിൽ ചിലർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടികളുടെ മാതാപിതാക്കളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നൽ പരിശോധന സ്വകാര്യ വാനുകളിൽ നടത്തിയതെന്ന് കമ്മീഷണർ ദിനേന്ദ്ര കശ്യപ് അറിയിച്ചു. സ്കൂൾ വിടുന്നതിന് മുമ്ബ് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയിലാണ് പരിശോധന നടത്തിയത്.
കുട്ടികളെ സ്കൂളിൽ വിടുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, ക്ലീനർമാരുടെയും കാര്യത്തിൽ വീട്ടുകാർ തന്നെ ശ്രദ്ധിക്കണമെന്നാണ് പൊലീസ് നിർദേശിക്കുന്നത്. തങ്ങളുടെ മക്കൾ പോകുന്ന വാഹനങ്ങളിലെ ്ഡ്രൈവർമാരെ കൃത്യമായി നിരീക്ഷിക്കാനും ഇവരുടെ സ്വഭാവം ഉറപ്പു വരുത്താനും പൊലീസ് ശ്രദ്ധിക്കണം. മാന്യമായല്ല ഇവർ പെരുമാറുന്നതെങ്കിൽ ഇത് പ്രത്യേകം നീരീക്ഷിക്കുകയും, കുട്ടികളെ ഇവരുടെ വാഹനത്തിൽ നിന്നും മാറ്റുകയും ചെയ്യുക. പ്രശ്നക്കാരാണെങ്കിൽ വിവര കൃത്യമായി പൊലീസിൽ അറിയിക്കുക.