കരയുന്ന കുട്ടികളെ ശാന്തരാക്കാൻ മൊബൈൽ ഫോൺ കൊടുക്കല്ലേ പണി കിട്ടും; ആ ശീലം അത്ര നന്നല്ലെന്ന് ഗവേഷകർ

Spread the love

കുട്ടി ഒന്നു വെറുതെ കരഞ്ഞാൽ മൊബൈൽ ഫോണോ മറ്റു ഡിജിറ്റൽ ​ഗാഡ്ജറ്റുകളോ കയ്യിൽ കൊടുത്ത് അവരെ ശാന്തരാക്കുന്നവരുണ്ട്. കുട്ടികളെ ഊട്ടാനും ഉറക്കാനുമൊക്കെ സ്മാർട്ഫോണുകളുടെ സഹായം തേടുന്നവർ.

video
play-sharp-fill

ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹം​ഗറിയിലേയും കാനഡയിലേയും ചില​ ​ഗവേഷകരും സമാനപഠനവുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

വാശിപിടിക്കുമ്പോഴും കരയുമ്പോഴുമൊക്കെ മൊബൈൽഫോണുകൾ നൽകി ശാന്തരാക്കുന്നത് പിൽക്കാലത്ത് അവരുടെ സ്വഭാവരൂപീകരണത്തെവരെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ കരയുന്ന സമയത്തോ, ദേഷ്യം പ്രകടിപ്പിക്കുമ്പോഴൊ ഒക്കെയാണ് മാതാപിതാക്കൾ ഫോൺ നൽകുക. ഇതോടെ അവർ ദേഷ്യവും സങ്കടവുമൊക്കെ മാറ്റി ശാന്തരാവും. എന്നാൽ ഈ ശീലം വലുതാകുന്നതോടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് തടസ്സമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

പിൽക്കാലത്ത് ദേഷ്യംപോലുള്ള തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനെ നിയന്ത്രിക്കാൻ ഇക്കൂട്ടർക്ക് കഴിയാതിരിക്കുമെന്നാണ് ​ഹം​ഗറിയിലെ യോറ്റ്വോസ് സർവകലാശാലയിലെ ​ഗവേഷകയായ വെറോണിക കൊനോക് പറയുന്നത്.

ഫ്രോണ്ടിയേഴ്സ് എന്ന മാ​ഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടും അഞ്ചും വയസ്സിനു പ്രായമുള്ള മുന്നൂറിലേറെ കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് ഒരുവർഷത്തോളം വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

കുട്ടികളെ ശാന്തരാക്കാൻ മൊബൈൽഫോൺ നൽകിയവരിൽ ഒരുവർഷത്തിനിപ്പുറം ദേഷ്യവും നിരാശയും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി.

വാശിയും മറ്റുവികാരങ്ങളുമൊക്കെ ഡിജിറ്റൽ ഡിവൈസുകൾ ഉപയോ​ഗിച്ച് നിയന്ത്രിക്കേണ്ടതല്ലെന്നും വെറോണിക പറയുന്നു. ദേഷ്യം, വാശി, സങ്കടം പോലുള്ള നെ​ഗറ്റീവായ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾ സ്വയം പഠിച്ചുവളരണം, അതിന് മൊബൈൽപോലുള്ളവ തടസ്സമാകരുത്.

ഈ സമയത്ത് മാതാപിതാക്കളുടെ പൂർണപിന്തുണയാണ് അല്ലാതെ ഡിജിറ്റൽ ഡിവൈസുകളുടെ സഹായമല്ല അവർക്ക് വേണ്ടതെന്നും വെറോണിക പറഞ്ഞു. ഇതിനായി മാതാപിതാക്കൾക്കാണ് ആദ്യം ശരിയായ പരിശീലനം നൽകേണ്ടതെന്നും അവർ പറഞ്ഞു.

കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അടുത്തിടെ അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സിന്റെ നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു.

പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്.

ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്.

മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സയന്റിഫിക് ജേര്‍ണലായ ഹെല്‍ത്ത്കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.

കുട്ടികൾ കരയുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, കാറിൽ ഇരിക്കുമ്പോഴോ ഒക്കെ മൊബൈൽ ഫോൺ കൊടുക്കുന്ന ശീലം നിർത്തണം. പകരം അവരെ മറ്റുപല ഹോബികളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും സജീവരാക്കുകയാണ് വേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു