
മന്ത്രിസഭാ യോഗത്തിൽ മൊബൈൽ ഫോണിന് വിലക്ക് ; കാരണം അമിത വാട്സ്ആപ്പ് ഉപയോഗം
സ്വന്തംലേഖകൻ
കോട്ടയം : മന്ത്രിസഭാ യോഗമടക്കം നടക്കുന്ന ഔദ്യോഗിക മീറ്റിങ്ങുകളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് എല്ലാ മന്ത്രിമാരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മൊബൈല്‍ ഫോണുകളിലല്ലെന്നും യോഗി പറഞ്ഞു. മന്ത്രിസഭാ യോഗങ്ങളില്‍ നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ചില മന്ത്രിമാര്‍ വാട്സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ഉത്തര്‍പ്രദേശിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് യോഗി ഇത്തരമൊരു തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോഗങ്ങളില്‍ എത്തുന്ന മന്ത്രിമാരുടെ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സൗകര്യമൊരുക്കും. ഇതിനായി ഫോണുകള്‍ കൗണ്ടറിലേല്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഫോണുടമകള്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ടോക്കണ്‍ കൗണ്ടറില്‍ തിരിച്ചു നല്‍കുമ്പോള്‍ ഫോണുകള്‍ തിരികെ നല്‍കുന്ന വിധത്തിലാണ് പുതിയ സംവിധാനം. നേരത്തെ, ഫോണുകള്‍ യോഗത്തിന് കൊണ്ടു വരാമെങ്കിലും സൈലന്റ് മോഡിലിടണമെന്നായിരുന്നു നിര്‍ദേശം.