തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കാതെ മസ്റ്ററോളിൽ ഒപ്പിട്ട് വേതനം കൈപ്പറ്റുന്നതിൽ നടപടി; കൈപ്പറ്റിയ വേതനം തിരികെപ്പിടിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്. ഫണ്ടിലേക്ക് അടയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ തൊഴിലാളികളിൽ ചിലർ പണിയെടുക്കാതെയും ഫോട്ടോ അപ്ലോഡ് ചെയ്യാതെയും മസ്റ്ററോളിൽ ഒപ്പിട്ട് അനധികൃതമായി വേതനം പറ്റിയതിനെതിരേ നടപടി.
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 31 തൊഴിലാളികൾ ജോലിചെയ്യാതെ കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാനാണ് പദ്ധതിയുടെ ജില്ലാ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. പഞ്ചായത്തിലെ ആറ്, ഒമ്പത്, 10, 15, 18 വാർഡുകളിലെ ബന്ധപ്പെട്ട തൊഴിലാളികൾ ജോലിചെയ്യാതെ വാങ്ങിയ 10,726 രൂപ തിരികെപ്പിടിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്. ഫണ്ടിലേക്ക് അടയ്ക്കാൻ ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിക്ക് ഉത്തരവുനൽകി.
ചെത്തി ഈരേശ്ശേരിൽ ഇ.ജെ. ഡേവിഡ് നൽകിയ പരാതിയിന്മേലാണ് ഓംബുഡ്സ്മാൻ ഡോ. സജി മാത്യുവിന്റെ നടപടി. സമാന സംഭവത്തിൽ ഡേവിഡ് മുമ്പ് നൽകിയ പരാതിയിലും ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് ജൂണിൽ 13,986 രൂപ തൊഴിലാളികളിൽനിന്ന് തിരികെ വാങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമക്കേട് ആവർത്തിക്കുന്ന സാഹചര്യത്തിൽ ചുമതലയുള്ള മേറ്റുമാരിൽനിന്ന് വേതനം തിരികെ പിടിക്കുക, ബന്ധപ്പെട്ട പ്രവൃത്തികളുടെ ചുമതലയിൽനിന്ന് അവരെ ഒഴിവാക്കുക, ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകാത്തതിനാൽ അപ്പീൽ അധികാരിയായ സംസ്ഥാന ഓംബുഡ്സ്മാനെ സമീപിക്കും.