
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ.
അയോഗ്യനാക്കുന്നതില്‍ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതില്‍ സ്പീക്കർക്ക് റോളില്ല.
അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യുവമോർച്ചയും രംഗത്തെത്തി.ഏറെ പണിപ്പെട്ടാണ് രാഹുലിനെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. പത്തനംതിട്ടയ്ക്ക് പുറമെ പാലക്കാട് ബിജെപിയുടെ നേത്യത്വത്തിലും പ്രതിഷേധം ഉണ്ടായി. രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ആണ് പ്രതിഷേധം നടന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രാഹുലിന്റെ കോലം കത്തിച്ചു. സ്ഥലത്ത് പൊലീസ് വൻ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
പത്തനംതിട്ട എ.ആർ ക്യാംപില്‍ ആറുമണിക്കൂറിലേറെ നേരം രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്തു.വൈദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ കോടതിയില്‍ ഹാജരാക്കും. പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് രാത്രി പന്ത്രണ്ടരയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായി ബലാത്സംഗം ചെയ്തെന്നും, ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമാണ് നിലവില്‍ വിദേശത്തുള്ള യുവതിയുടെ പരാതി.




