
ഇടുക്കി: സിപിഎം വിട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി.
സുധാകരൻ പാർട്ടി വിട്ടുപോകുന്നെങ്കില്‍ പോകട്ടെയെന്നും ആരെയും പാർട്ടിക്കുള്ളില്‍ ‘അയ്യോ മോനെ പോകല്ലേ’ എന്ന് പറഞ്ഞ് കെട്ടിയിട്ടിട്ടില്ലെന്നും മണി പറഞ്ഞു. സുധാകരൻ പാർട്ടി വിടുന്നത് വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മണി കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദൻ ഉള്‍പ്പെടെയുള്ള വമ്പൻ സ്രാവുകള്‍ നയിച്ച പാർട്ടിയാണ് ആലപ്പുഴയിലേതെന്നും ഒരാള്‍ പോയാല്‍ പാർട്ടി തകരില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടിക്കുള്ളില്‍ നില്‍ക്കുമ്പോഴാണ് തനിക്കും സുധാകരനും ഒക്കെ വിലയുള്ളതെന്നും പാർട്ടിക്ക് പുറത്തായാല്‍ എല്ലാവരും ഒരുപോലെയാണെന്നും മണി ഓർമ്മിപ്പിച്ചു. സുധാകരൻ പാർട്ടി വിടരുത് എന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും എന്നാല്‍ പോയേ തീരൂ എന്നാണെങ്കില്‍ തടയാൻ ആരും വരില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം പുതുക്കാതെ അമ്പലപ്പുഴയില്‍ മത്സരിക്കാൻ തീരുമാനിച്ച സുധാകരന്റെ നടപടിയെ വിമർശിച്ചായിരുന്നു എംഎം മണിയുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ എംഎം മണിയുടെ വാക്കുകളെ പരിഹസിച്ചാണ് ജി സുധാകരൻ വാർത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. എംഎം മണി ‘ഇടുക്കിയിലെ ഷൂ’ എന്നായിരുന്നു ജി സുധാകരന്റെ പരിഹാസം. പാർട്ടി വിട്ടാല്‍ സുധാകരൻ വെറും ‘പഴയ ഷൂ’ ആയി മാറുമെന്ന മണിയുടെ മുൻപത്തെ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു ഈ മറുപടി. താൻ കാരണം ഇനി പാർട്ടിക്ക് ഒരു തലവേദനയും ഉണ്ടാവില്ലെന്നും പാർട്ടിയെ നന്നാക്കാൻ താൻ ആളല്ലെന്നും ജി സുധാകരൻ പറഞ്ഞു. തന്നെ അപമാനിക്കുന്നവർക്ക് കാലം മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി ജി സുധാകരൻ മത്സരിക്കുന്നത്.
പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും പൊതുവേദികളില്‍ പരിഹസിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം സമൂഹ മാധ്യങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും നിശിതമായി വിമർശിച്ചാണ് ഇന്ന് രംഗത്ത് വന്നത്.



