
സ്വന്തം ലേഖകൻ
കോട്ടയം: ചലച്ചിത്ര- നാടക പ്രവർത്തകൻ കോട്ടയം വർക്കിച്ചൻ എന്നറിയപ്പെടുന്ന എം എം വർക്കി( 85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
അരനൂറ്റാണ്ടോളം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കർമ രംഗമാക്കിയ ചലച്ചിത്ര- നാടക പ്രവർത്തകനായിരുന്നു വർക്കിച്ചൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റർ അറിവുകൾ പുതുതലമുറയിലേക്ക് വാമൊഴിയായി പകർന്നു നല്കിയ അപൂർവ്വ വ്യക്തിത്വമാണ്. ജോണ്‍ ഏബ്രാഹം , അരവിന്ദൻ തുടങ്ങിയ പ്രതിഭാധനർ മുതൽ പുതുതലമുറയിലെ പി ആർ ഹരിലാൽ വരെ വർക്കിച്ചായനുമായി സിനിമാ ചർച്ചകൾ നടത്തിയവരിൽ പെടും.
ജില്ലയിലെ സിപിഐ എമ്മിന്റെ നേതൃനിരയുടെ ഹൃദയ സൂക്ഷിപ്പുകാരനുമായി. എം ജി രാമചന്ദ്രൻ, ടി കെ രാമകൃഷ്ണൻ , കെ കെ ജോസഫ് ,വൈക്കം വിശ്വൻ, കെ ജെ തോമസ്, വി എൻ വാസവൻ എന്നീ ജില്ലാ സെക്രട്ടറിമാർക്കൊപ്പം ഡി സി ഓഫീസിൽ വിവിധ ചുമതലകള്‍ നിർവ്വഹിച്ചു.
സ്കൂള്‍ വിദ്യാർത്ഥിയായിരിക്കെ ഓഫീസ് പടി കയറിയെത്തിയ അഡ്വ. കെ സുരേഷ്കുറപ്പിനു പിന്നാലെ വന്ന കോട്ടയത്തെ വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും വായനയുടെ വാതായനം തുറന്നു നല്കിയ കാരണവരായിരുന്നു. അപൂർവ്വ പുസ്തക ശേഖരത്തിനും ഉടമയാണ്. ചെടികളെയും പൂക്കളെയും വലുതായി ഇഷ്ടപ്പെട്ടു. തിരുനക്കര വടക്കേനടയിലെ പഴയ ഓഫീസിലും തെക്കുംഗോപുരത്തെ പുതിയ ഓഫീസിലും അദ്ദേഹമൊരുക്കിയ പൂന്തോട്ടങ്ങളിൽ നിന്നുള്ള സൗരഭ്യം പലതലമുറകൾ അറിഞ്ഞു.
സിനിമാ സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. . കൊഴുവാനാൽ മാന്തറ കുടുംബാഗം. അവിവാഹിതനാണ്
സഹോദരങ്ങൾ: യശശരീരനായ തോമസ്, മാത്യു, ജെയിംസ് , ഏബ്രാഹം, മേരി.
സംസ്കാരം ചൊവ്വാഴ്ച്ച. മൃതദേഹം ചൊവ്വ രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനത്തിന് വയ്ക്കും.