‘വ്യക്തികൾക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാൽ വികസനം സാധ്യമാകില്ല’; ശാന്തിവനം നിലപാടിൽ ഉറച്ച് മന്ത്രി എം എം മണി
സ്വന്തംലേഖകൻ
കോട്ടയം : ശാന്തിവനം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. നിർമാണ പ്രവർത്തനവുമായി കെഎസ്ഇബി മുന്നോട്ട് പോകും. പരാതിക്കാരുടെ അപ്പീലിൽ കോടതിയാണ് നിലപാട് സ്വീകരിക്കേണ്ടത്. അതുവരെ പണി നിർത്തിവെയ്ക്കാൻ സാധിക്കില്ല. വ്യക്തികൾക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാൽ നാട്ടിൽ വികസനം മുന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. ശാന്തിവനത്ത് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഇന്നലെ മന്ത്രി എം എം മണി പറഞ്ഞിരുന്നു. ശാന്തിവനം സംരക്ഷണ സമിതി ആശങ്കകൾ ഉന്നയിച്ചത് വൈകിപ്പോയെന്നും എന്നാൽ അവർ ഉന്നയിച്ച ആശങ്കകൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശാന്തിവനം സംരക്ഷണ സമിതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വർഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെഎസ്ഇബിയുടെ 110 കെ വി വൈദ്യുത ലൈൻ കടന്നു പോകുന്നതും അതിനു വേണ്ട ടവർ നിർമിക്കുന്നതും ശാന്തിവനത്തിലാണ്. അരസെന്റ് ഭൂമി മാത്രമാണ് ടവർ നിർമ്മാണത്തിന് ആവശ്യമായി വരികയെന്നാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 50 സെന്റ് സ്ഥലം ഇതിനായി കെഎസ്ഇബി ഏറ്റെടുത്തു. നിരവധി മരങ്ങളും വെട്ടിനിരത്തി. ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നതോടെ ശാന്തിവനത്തിൽ കെഎസ്ഇബി നടത്തുന്ന ടവർ നിർമാണം നിർത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു. എന്നാൽ നിർദ്ദേശം മറികടന്ന് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ബോർഡ് നീക്കം നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് കെഎസ്ഇബി ശാന്തിവനത്തിൽ നിർമാണങ്ങൾ പുനരാരംഭിക്കാൻ എത്തിയത്. ഇതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്നതാണ് ശാന്തിവനം. മീനാ മേനോൻ എന്ന സ്ത്രീയും അവരുടെ ഒൻപതാം ക്ലാസ്സുകാരിയായ മകളും ചേർന്നാണ് ശാന്തിവനം സംരക്ഷിക്കുന്നത്.