പി കെ ശശിയെ പാർട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതം; എം എം മണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് സിപിഎം നേതാവായ പി കെ ശശിയെ പാർട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാർട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ മറ്റൊരു പാർട്ടിക്കും കഴിയില്ലയെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എം. നേതാവായ സ: പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റി ആറ് മാസത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഒരു വനിതാ സഖാവിനോട് നേതാവിന് യോജിക്കാത്ത വിധം സ: ശശി സംഭാഷണം നടത്തിഎന്നതാണ് നടപടിക്കാധാരമായ കാരണം. ഈ നടപടി തികച്ചും ഉചിതമാണ്. സി.പി.എമ്മിനെപ്പോലൊരു പാർട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ മറ്റൊരു പാർട്ടിക്കും കഴിയില്ല. എന്നാൽ നടപടി വാർത്ത പുറത്തു വന്നതിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ്, ബി.ജെ.പി. നേതാക്കന്മാരും സ്ത്രീപീഢനം നടത്തിയ ശശിയെ സി.പി.എം. സംരക്ഷിച്ചുവെന്ന അടിസ്ഥാനമില്ലാത്ത വിമർശനം ഉന്നയിച്ചതായി കണ്ടു.
കോൺഗ്രസ്സിനോ ബി.ജെ.പി.ക്കോ സദാചാര മൂല്യങ്ങളെപ്പറ്റി പറയാൻ യാതൊരു അവകാശവുമില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് ഒരു സഹോദരി, തന്നെ പീഢിപ്പിച്ച കോൺഗ്രസ് നേതാക്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നിട്ട് കോൺഗ്രസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. ബി.ജെ.പി.ക്കാരുടെ സദാചാര മൂല്യവും തഥൈവ തന്നെയാണ്. ഈ രണ്ടു കൂട്ടർക്കും സ്ത്രീപീഢനവും സദാചാരവിരുദ്ധ പ്രവർത്തനവുമാണ് അവരുടെ ഉയർച്ചക്കും സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുമുള്ള അടിസ്ഥാനമെന്ന് ജനങ്ങൾക്ക് അറിയാവുന്നതാണ്.