
സ്വന്തം ലേഖകൻ
പത്തനാപുരം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ മർദ്ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ അനന്തകൃഷ്ണൻ എന്ന യുവാവിനെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു. എം.എൽ.എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്. അതേസമയം കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ പി.എയ്ക്കുമെതിരേ കൈയുപയോഗിച്ച് മർദിച്ചെന്ന നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാറിന്റെ ലിവർ ഉപയോഗിച്ച് അനന്തകൃഷ്ണൻ തന്നെ ആക്രമിച്ചെന്നാണ് പി.എ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാൽ, എംഎൽഎയുടെ സ്വാധീനം കൊണ്ടാണ് തങ്ങൾക്കെതിരെ വലിയ വകുപ്പുകൾ ഉപയോഗിച്ച് പോലീസ് കേസെടുത്തതെന്ന് അനന്തകൃഷ്ണന്റെ അമ്മ ആരോപിച്ചു. മരണ വീട്ടിൽ പോയ താൻ ലിവറുമായല്ല പോകുന്നതെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ എംഎൽഎ തയാറായില്ല.