
ഇടുക്കി: കോട്ടയംകാരൻ സോമൻ അവിചാരിതമായാണ് ഇടുക്കി ജില്ലയിലെ പീരുമേട് പ്രവർത്തന മണ്ഡലമാക്കിയത്.ഹൈറേഞ്ചില്‍ നിന്ന് നിയമസഭയിലേക്ക് ജീപ്പോടിച്ചെത്തുന്ന എംഎല്‍എയെ എല്ലാവരും കൗതുകത്തോടെ നോക്കിയിരുന്നു. അപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു അത്.
നിയമസഭയില്‍, ഒരിക്കല്‍, എന്തുകൊണ്ടാണ് ജീപ്പില്‍ മാത്രം സഞ്ചരിക്കുന്നതെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചോദ്യത്തിന് വാഴൂര്‍ സോമന്‍ നല്‍കിയ മറുപടി ഇങ്ങനെ – ‘പീരുമേട്ടിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്, ജീപ്പല്ലാതെ മറ്റൊരു വാഹനത്തില്‍ അവിടെ സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയാണ്’.
അന്നു രാത്രിയില്‍ തന്നെ എംഎല്‍എയ്ക്ക് മന്ത്രിയുടെ കോള്‍ വന്നു. പീരുമേട്ടിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ പത്തു കോടിയുടെ ഫണ്ടും മന്ത്രി അനുവദിച്ചു.
അങ്ങനെ റോഡ് വികസനത്തിന് ഫണ്ട് വരെ എത്തിച്ചതിന് കാരണമായത് പ്രിയപ്പെട്ട മഹീന്ദ്ര ജീപ്പാണന്ന് സിപിഐ നേതാവായ വാഴൂര്‍ സോമന്‍ പറയാറുണ്ടായിരുന്നു.KL 06 D 0538 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള മഹേന്ദ്ര മേജർ ജീപ്പ് ആയിരുന്നു എംഎൽഎയുടെത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോമന്റെ ഔദ്യോഗിക വാഹനം. പീരുമേടിന്റെ മലമടക്കുകളിലെയും തോട്ടം മേഖലകളിലെയും ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിക്കാന്‍ ഈ ജീപ്പ് നല്‍കുന്ന സൗകര്യമാണ് പ്രധാന ആകര്‍ഷണം. സാധാരണയായി ജനപ്രതിനിധികള്‍ ഇത്തരം സാഹചര്യങ്ങളില്‍ മറ്റ് ആഡംബര വാഹനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴാണ് വാഴൂര്‍ സോമന്റെ ഈ വ്യത്യസ്തമായ തീരുമാനം ശ്രദ്ധേയമാകുന്നത്.
തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളര്‍ന്ന നേതാവായിരുന്നു വാഴൂര്‍ സോമന്‍. അതുകൊണ്ട് തന്നെ ജീപ്പ് യാത്രയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്ത്ത്.
1978-ല്‍ പീരുമേട് മുന്‍ എം.എല്‍.എ. സി.എ. കുര്യന്റെ സഹായത്തോടെയാണ് അദ്ദേഹം ആദ്യമായി ഒരു ജീപ്പ് സ്വന്തമാക്കിയത്. പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച ആ പഴയ ജീപ്പ് 1991 വരെ അദ്ദേഹത്തിന്റെ പ്രധാന യാത്രാ വാഹനം ആയിരുന്നു.
എന്നാല്‍, അന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീരുമേട്ടിലെ തോട്ടം മേഖലകളിലൂടെയുള്ള യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന ആ ജീപ്പ് 1991 മെയ് 21-ന് വണ്ടിപ്പെരിയാറില്‍ നടന്ന ഒരു പൊതുയോഗത്തിനുശേഷം നടന്ന അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു കളഞ്ഞത് അദ്ദേഹത്തിന് വലിയ വേദന നല്‍കിയ ഒരനുഭവമാണ്.
2006ൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമാണ് നിലവില്‍ ഉപയോഗിക്കുന്ന മഹീന്ദ്ര മേജര്‍ ജീപ്പ് സ്വന്തമാക്കിയത്. പെട്രോള്‍ എഞ്ചിന്‍ ജീപ്പ് ഇന്ധന വിലക്കയറ്റത്തിനിടയിലും ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
വാഹനത്തിന് ചെറിയ രൂപമാറ്റങ്ങള്‍ വരുത്താനുള്ള മക്കളുടെ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചില്ല. യാത്ര ചെയ്യാനാണ് വാഹനം ഉപയോഗിക്കുന്നത്, അല്ലാതെ മറ്റ് കാര്യങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറയുമായിരുന്നു. പൊതുവേ ഹൈറേഞ്ച് മേഖലയില്‍ വാഹനങ്ങള്‍ മോടിപിടിപ്പിക്കുന്ന പ്രവണത കുറവാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.
മോസ്കായിൽ നിന്നാണ് വാഴൂര്‍ സോമന്‍ 1986ല്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് സ്വന്തമാക്കുന്നത്. മഞ്ഞിലൂടെ വണ്ടിയോടിക്കാന്‍ പ്രത്യേക പരിശീലനവും അക്കാലത്ത് റഷ്യയില്‍ നിന്നു നേടി. ഏതുവാഹനവും തനിക്കു തരപ്പെടുമെന്നും പക്ഷെ ജീപ്പിനോളം പ്രിയമുള്ള മറ്റൊരു വാഹനമില്ലെന്നും വാഴൂര്‍ സോമന്‍ പറഞ്ഞിരുന്നു. കാനം രാജേന്ദ്രന്‍ സ്‌നേഹപുരസരം അയച്ച കത്തിനെ തുടര്‍ന്നാണ് ചെറിയ ഒരു മാറ്റത്തിന് വാഴൂര്‍ സോമന്‍ തയ്യാറായത്. ‘സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാര്‍ട്ടിയില്‍ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്.’ കാറ് വാങ്ങിയെങ്കിലും ഹൈറേഞ്ചുകാര്‍ തിരഞ്ഞെടുത്ത എം.എല്‍.എ.യ്ക്ക്, ഹൈറേഞ്ചുകാരുടെ വഴികളുമായി ഇഴചേര്‍ന്ന ജീപ്പ് തന്നെയായിരുന്നു ഇഷ്ട വാഹനം