video
play-sharp-fill
നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നമ്മുടെ എംഎല്‍എമാര്‍ ആക്ടീവാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രം; ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഇല്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നമ്മുടെ എംഎല്‍എമാര്‍ ആക്ടീവാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രം; ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഇല്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി എന്നിവര്‍ക്കാണ് ഇതുവരെയും ഇ-മെയില്‍ വിലാസമില്ലാത്തത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്‌സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈല്‍ നമ്പര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.
സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും യുട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ സജീവമാകുമ്പോഴും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന സ്ഥിതിയാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡേഴ്‌സ് ആന്റ് ലാഡേഴ്‌സ് ഗ്രൂപ്പിന്റെ പൊളിറ്റിക്കല്‍ ഗവേഷക വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പലരും ആക്ടീവായത്. കോവിഡാണ് എം എല്‍ എമാരെ സമൂഹ മാധ്യമങ്ങളിലേയ്ക്ക് തിരിച്ചതെന്നും ഗവേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ പഠനത്തിലാണ് ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ടീം ഇത്തരം കണ്ടെത്തലുകള്‍ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് മാത്രമാണ് സാമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, സ്വന്തം വെബ്സൈറ്റ് എന്നിവയുള്ളത്. കുട്ടനാട് എം.എല്‍.എ. തോമസ് കെ.തോമസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ എന്നിവര്‍ക്ക് സ്വന്തം വെബ്സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററും യുട്യൂബുമില്ല.

മലമ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എ. പ്രഭാകരന്‍, പത്തനാപുരത്ത് നിന്നുള്ള കെ. ബി. ഗണേഷ്‌കുമാര്‍, കണ്ണൂരില്‍ നിന്നും വിജയിച്ച മുന്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്ക് ഫേസ്ബുക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ കടന്നപ്പള്ളി രാമചന്ദ്രന് വേരിഫൈഡ് അക്കൗണ്ട് ഫേസ്ബുക്കിലുണ്ട്. കെ.ബി. ഗണേഷ്‌കുമാറിന്റെ പേരിലുള്ള പേജും ഫേസ്ബുക്കിലുണ്ട്. പക്ഷേ, ഇത് ഔദ്യോഗിക പേജ് അല്ല. ഈ പേജിന് ഫേസ്ബുക്കിന്റെ വേരിഫൈഡ് അടയാളമില്ല.
നെന്മാറ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും വിജയിച്ച എം.എല്‍.എമാരുടെ പേരുകള്‍ കെ. ബാബു എന്നാണെന്നുള്ളതും കൗതുകകരമാണ്. സഭയില്‍ സ്പീക്കര്‍ക്ക് ഇവരുടെ പേരുകള്‍ പറയുമ്പോള്‍ മണ്ഡലത്തിന്റെ പേരുകള്‍ കൂടി എടുത്തുപറയേണ്ടതായിട്ട് വരും.

140-ല്‍ 137 എം.എല്‍.എമാര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടും 64 എം.എല്‍.എമാര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. 17 എം.എല്‍.എമാര്‍ക്കാണ് ട്വിറ്റര്‍ അക്കൗണ്ടുകളുള്ളത്. ഇവര്‍ സ്ഥിരമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാറുമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 1,317,257 പേര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. 1,508,236 പേര്‍ പിണറായി വിജയനെ പിന്തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയാണുള്ളത്.

1,201,336 പേര്‍ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 1,210,860 പേര്‍ പിന്തുടരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേജ് 1,101,856 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. മുന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിന്റെ പേജിന് 762,496 പേരും ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രമാണ് യുട്യൂബ് അക്കൗണ്ടുകള്‍ ഉള്ളതെന്ന് സത്യവാങ്മൂലങ്ങള്‍ പറയുന്നു.