play-sharp-fill
സ്ഥാനം രാജി വച്ചു; പിന്നാലെ അയോഗ്യതയെത്തി: നിയമസഭ പിരിച്ചു വിട്ടതുമില്ല; എങ്ങുമെത്താതെ കർണ്ണാടകത്തിലെ വിമത എം.എൽ.എമാർ; അമർഷം കോൺഗ്രസിനോടും ബിജെപിയോടും ഒരു പോലെ

സ്ഥാനം രാജി വച്ചു; പിന്നാലെ അയോഗ്യതയെത്തി: നിയമസഭ പിരിച്ചു വിട്ടതുമില്ല; എങ്ങുമെത്താതെ കർണ്ണാടകത്തിലെ വിമത എം.എൽ.എമാർ; അമർഷം കോൺഗ്രസിനോടും ബിജെപിയോടും ഒരു പോലെ

സ്വന്തം ലേഖകൻ
ബംഗളൂരു: കർണ്ണാടകത്തിലെ ഇത്തവണത്തെ രാഷ്ട്രീയ നാടകങ്ങളിൽ ബലിയായത് രാജിവച്ച വിമത എം.എൽ.എമാർ. കോൺഗ്രസ് രാഷ്ട്രീയ ഫോർമുല കണ്ടെത്തി പരിഹാരത്തിന് നിൽക്കാതെ വരികയും, ബിജെപി ഏറ്റെടുക്കാതിരിക്കുകയും ചെയ്തതോടെ ഇവർ രാഷ്ട്രീയത്തിൽ തികച്ചും അപ്രസ്‌ക്തരായി. ഇവരെ അയോഗ്യരാക്കി സർക്കാർ വിധി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ എംഎൽഎമാരുടെ കാര്യം പരുങ്ങലിലായി.
ബി ജെ പി സർക്കാർ രൂപീകരിച്ച് ഭരണം തുടങ്ങുമ്പോൾ ഏറ്റവും നഷ്ടമുണ്ടായിരിക്കുന്നത് വിമതരായി രാജി വച്ച ഈ  17 പേർക്കാണ്. കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വിട്ടുനിന്ന 17 എം എൽ എമാരാണ് കുടുക്കിലായത്. നിലവിലെ സഭയിൽ നിന്നും സ്പീക്കർ രമേഷ് കുമാർ ഇവരെ അയോഗ്യരാക്കി. അതുകൊണ്ടും കഴിഞ്ഞില്ല, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുകയുമില്ല. ചുരുക്കത്തിൽ രാഷ്ട്രീയ ഭാവി തന്നെ തുലാസിലായ പോലെയാണ് ഇവർ ഇപ്പോൾ.
കോൺഗ്രസിൽ നിന്നും 14 പേരും ജെ ഡി എസിൽ നിന്നും 3 പേരുമാണ് അയോഗ്യരായിക്കുന്നത്. എല്ലാവരും തങ്ങളെ സമർഥമായി ഉപയോഗിച്ചു എന്നാണ് വിമത എം എൽ എമാരിൽ പലരും ഇപ്പോൾ കരുതുന്നത്. അതിൽ സ്വന്തം പാർട്ടിക്കാരായ കോൺഗ്രസും ജെ ഡി എസും മാത്രമല്ല, പ്രതിപക്ഷത്തിരുന്ന ബി ജെ പിയും ഉണ്ട്. തങ്ങൾ അധികാരത്തിലെത്തിയാൽ നിങ്ങളെ മന്ത്രിയാക്കാം എന്ന് വിമത എം എൽ എമാരിൽ പലർക്കും ബി ജെ പി വാഗ്ദാനം നൽകിയിരുന്നത്രെ.
എന്നാൽ ബി ജെ പി സർക്കാരുണ്ടാക്കി ഭരണം തുടങ്ങുമ്പോൾ സഭയിൽ പോലും എത്താൻ പറ്റാത്ത സ്ഥിതിയിലാണ് ഈ എം എൽ എമാർ. 2023 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ലെന്ന് സ്പീക്കർ രമേഷ് കുമാർ വിലക്കിയ സാഹചര്യത്തിൽ എന്താകും തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ന ആശങ്കയും ഇവർക്കുണ്ട്. സ്വാഭാവികമായും സ്പീക്കറുടെ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുക എന്നത് തന്നെയാണ് ആദ്യത്തെ വഴി. ഇതിനൊടൊപ്പം തന്നെ പാർട്ടി നേതാക്കളിൽ സമ്മർദ്ദമുണ്ടാക്കി തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും വിമതർക്ക് പദ്ധതിയുണ്ട്.
17 എം എൽ എമാരെ സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയതോടെ ഫലത്തിൽ നേട്ടമുണ്ടാക്കിയത് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ്. 225 അംഗങ്ങളുണ്ടായിരുന്ന സഭയിലെ എണ്ണം ഇതോടെ 208 ആയി. 105 പേരുടെ പിന്തുണയുള്ള ബി ജെ പിക്ക് വിശ്വാസവോട്ട് ഇതോടെ ഒരു പരീക്ഷണമേ അല്ലാതായി. 11 കോൺഗ്രസ് എം എൽ എമാരെയും മൂന്ന് ജെ ഡി എസ് എം എൽ എമാരെയുമാണ് ഞായറാഴ്ച കർണാടക നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയത്.