മലയാളത്തിലെ ആദ്യത്തെ “A” സർട്ടിഫിക്കറ്റ് ചിത്രമായ “കല്യാണരാത്രി” യുടെ സംവിധായകൻ ആരെന്നറിയാമോ? വിവിധ ഭാഷകളിലായി 120 – ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത ദക്ഷിണേന്ത്യയുടെ അഭിമാനമായ മലയാളി സംവിധായകന്റെ ഓർമ്മ ദിനമാണിന്ന്.

മലയാളത്തിലെ ആദ്യത്തെ “A” സർട്ടിഫിക്കറ്റ് ചിത്രമായ “കല്യാണരാത്രി” യുടെ സംവിധായകൻ ആരെന്നറിയാമോ? വിവിധ ഭാഷകളിലായി 120 – ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത ദക്ഷിണേന്ത്യയുടെ അഭിമാനമായ മലയാളി സംവിധായകന്റെ ഓർമ്മ ദിനമാണിന്ന്.

 

കോട്ടയം: സത്യൻ, പ്രേംനസീർ, മധു ,
എം ജി ആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ,
എൻ ടി രാമറാവു ,
എ നാഗേശ്വരറാവു തുടങ്ങി ദക്ഷിണേന്ത്യൻ സിനിമയിലെ എല്ലാ ഉന്നത നടന്മാരുടേയും ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരേയൊരു മലയാളിയാണ്
എം.കൃഷ്ണൻ നായർ .

1917 നവംബർ 2-ന് തിരുവനന്തപുരത്ത് ജനിച്ച കൃഷ്ണൻ നായർ സി ഐ ഡി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമ രംഗത്ത് പ്രവേശിക്കുന്നത്.
വിവിധ ഭാഷകളിലായി
120 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1964-ൽ ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച് പുറത്തിറങ്ങിയ മൊയ്തു പടിയത്തിന്റെ “കുട്ടിക്കുപ്പായം” എന്ന ചിത്രം മ്യൂസിക്കൽ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി
കൃഷ്ണൻ നായർ.
പി.ഭാസ്കരൻ എഴുതി ബാബുരാജ് സംഗീത സംവിധാനം ചെയ്ത ഇതിലെ

‘ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ…”
(എൽ.ആർ. ഈശ്വരി)
” വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ … ”
(എ പി കോമള ),
“പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും …. ”
(കെ.പി ഉദയഭാനു )
‘പുള്ളിമാനല്ല മയിലല്ല മധുരക്കരിമ്പല്ല …”
(എൽ ആർ ഈശ്വരി )
തുടങ്ങിയ പതിനൊന്നു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.
കൃഷ്ണൻ നായർ സംവിധാനം ചെയ്ത “കാവ്യമേള ” എന്ന ചിത്രത്തിന് 1965 – ലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.
വയലാർ-ദക്ഷിണാമൂർത്തി ടീമിന്റെ പ്രശസ്തമായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ …”
(യേശുദാസ് , പി.ലീല )
‘ദേവി ശ്രീദേവി
തേടി വരുന്നു ഞാൻ…”
(യേശുദാസ് )
എന്നീ സൂപ്പർ ഹിറ്റ് ഗാനങ്ങൾ

ഈ ചിത്രത്തിലേതാണ്.
തമിഴ് സംവിധായകനായ ശ്രീധറിന്റെ “വെണ്ണിറ ആടൈ ” എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ നിർമ്മലയെ 1966-ൽ “ഉഷാകുമാരി” എന്ന പേരിൽ “കാട്ടുതുളസി” യിൽ അവതരിപ്പിച്ചതാണ്
എം കൃഷ്ണൻ നായരുടെ മറ്റൊരു സംഭാവന .
വയലാർ ബാബുരാജ് ടീമിന്റ
“സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ…”
(ജാനകി ) “വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്…”
(യേശുദാസ് ) “ഗംഗയാറൊഴുകുന്ന
നാട്ടിൽ നിന്നൊരു…”
(സുശീല )

തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
മലയാള നാടക വേദിയിൽ കോളിളക്കം സൃഷ്ടിച്ച
എസ് എൽ പുരം സദാനന്ദന്റെ “അഗ്നിപുത്രി” എന്ന നാടകത്തിന് ചലച്ചിത്രാവിഷ്ക്കാരം നൽകിക്കൊണ്ട് കൃഷ്ണൻ നായർ അതുവരെ മലയാള സിനിമയിൽ ആരും പരീക്ഷിക്കാത്ത ഒരു പുതിയ പ്രമേയം തന്നെ അവതരിപ്പിച്ച് കൈയ്യടി നേടി.
ഈ ചിത്രത്തിലെ
“‘കണ്ണു തുറക്കാത്ത
ദൈവങ്ങളേ…”
എന്ന ഗാനം പി.സുശീലയുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായിട്ടാണ്
ഇന്നും വിലയിരുത്തപ്പെടുന്നത്.
മലയാളത്തിലെ ഭാവഗായകൻ എന്നറിയപ്പെടുന്ന ജയചന്ദ്രന്റെ ആദ്യഗാനം പുറത്തിറങ്ങുന്നത് കൃഷ്ണൻ നായർ സംവിധാനം ചെയ്ത “കളിത്തോഴൻ”എന്ന ചിത്രത്തിലൂടേയാണ്.
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു..”
എന്ന ഗാനം ജയചന്ദ്രൻ എന്ന ഗായകനെ പിന്നീട് അത്യുന്നതങ്ങളിലെത്തിച്ചു.
യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവ് മലയാളികളുടെ മനസ്സിൽ ചേക്കേറുന്നത്
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത “ഖദീജ” എന്ന ചിത്രത്തിലെ

“സുറുമയെഴുതിയ മിഴികളേ
പ്രണയ മധുരത്തേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ”
എന്ന ഗാനത്തിലൂടെയായിരുന്നു.
ഒട്ടേറെ ജനപ്രീതിയാർജ്ജിച്ചെടുത്ത
ഈ പാട്ടിലൂടെ യൂസഫലി പിന്നീട് മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി മാറി.
യൂസഫലി മാത്രമല്ല ,
ശ്രീകുമാരൻ തമ്പിയും മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറുന്നത് കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1968-ൽ തിയേറ്ററുകളിലെത്തിയ
“പാടുന്ന പുഴ” യിലെ

‘ഹൃദയസരസ്സിലെ
പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയു …”

എന്ന ഗാനത്തിലൂടെയാണ്.
മലയാളത്തിലെ ആദ്യത്തെ
“A” സർട്ടിഫിക്കറ്റ് ചിത്രമായ “കല്യാണരാത്രി” യുടെ സംവിധായകൻ കൃഷ്ണൻ നായരാണെന്ന കാര്യവും ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്.

സംഗീതപ്രേമികൾ എന്നുമെന്നും മനസ്സിൽ താലോലിക്കുന്ന എത്രയെത്ര മധുരഗാനങ്ങളാണ് കൃഷ്ണൻനായരുടെ ചിത്രങ്ങളിലൂടെ മലയാളഭാഷയുടെ പുണ്യമായി മാറിയത്.
എല്ലാ ഗാനങ്ങളേയും ഈ ചെറിയ കുറിപ്പിൽ പരാമർശിക്കുക ബുദ്ധിമുട്ടാണെങ്കിലും മനസ്സിൽ ഓടിയെത്തുന്ന ചില പ്രശസ്ത ഗാനങ്ങൾ മാത്രം ഇവിടെ പരാമർശിക്കുന്നു.

“തൃക്കാർത്തികക്ക് തിരികൊളുത്താൻ വന്ന നക്ഷത്ര കന്യകളേ… ”
(പി.ലീല – ഉദയഭാനു)

“മുത്തോലക്കുടയുമായി
മുന്നാഴി പൂവുമായി ഉത്രാടരാത്രിയുടെ തേരിറങ്ങി…” (പി.ലീല)

“പാവക്കുട്ടി പാവാടക്കുട്ടി
പിച്ചാ പിച്ചാ പിച്ചാ …”
(ഉദയഭാനു )
എല്ലാ ഗാനങ്ങളും കടത്തുകാരൻ എന്ന ചിത്രത്തിലേതാണ്)

“കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ …”
( ചിത്രം ജ്വാല – രചന വയലാർ – സംഗീതം – ദേവരാജൻ ആലാപനം –
യേശുദാസ് – വസന്ത)

“ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലേ…..”
( രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് – ചിത്രം താര)

“നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ…..”
(ചിത്രം താര – ജയചന്ദ്രൻ)
“സുമംഗലി നീ ഓർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും
ഈ ഗാനം … ” (യേശുദാസ്)
“ദേവലോകരഥവുമായ് തെന്നലേ…”
(യേശുദാസ് ….രണ്ടു ഗാനങ്ങളും വിവാഹിതയിൽ നിന്ന് രചന വയലാർ – സംഗീതം ദേവരാജൻ)
“അറബിക്കടലിളകി വരുന്നു ആകാശ പൊന്നു വരുന്നു…”
(ആലാപനം ജയചന്ദ്രൻ –
ചിത്രം മന്ത്രകോടി – രചന ശ്രീകുമാരൻ തമ്പി – സംഗീതം
എം എസ് വിശ്വനാഥൻ)

“കറുത്ത പെണ്ണേ
നിന്റെ കണ്ണാടി ചില്ലിനുള്ളിൽ വരച്ചതാരാണെന്റെ വർണ്ണചിത്രം… ”
(ചിത്രം കലക്ടർ മാലതി ആലാപനം – യേശുദാസ്- സുശീല , രചന വയലാർ – സംഗീതം ബാബുരാജ് )
“സ്വയംവര കന്യകേ സ്വപ്ന ഗായികേ…” (യേശുദാസ്)
“പുഞ്ചിരിപൂവുമായ് പഞ്ചമിചന്ദ്രിക..”

(സുശീല – യാമിനി എന്ന ചിത്രത്തിലേതാണ് രണ്ടു ഗാനങ്ങളും , രചന കാനം ഇ ജെ – സംഗീതം അർജ്ജുനൻ )
എന്നീ പ്രശസ്ത ഗാനങ്ങളെല്ലാം എം കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തുവന്ന മനോഹര ചിത്രങ്ങളിലൂടെയാണ് നമ്മൾ കണ്ടതും കേട്ടതും ആസ്വദിച്ചതും.
മലയാളസിനിമയിൽ ഒരുകാലത്ത് ആഭിജാത്യമുള്ള സിനിമകൾ സംവിധാനം ചെയ്തിരുന്ന എം.കൃഷ്ണൻ നായരെ
”ജെ.സി ഡാനിയൽ” പുരസ്ക്കാരം നൽകി കേരള ഗവൺമെൻറ് ആദരിച്ചിട്ടുണ്ട്. മലയാളം സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും

ഐ എ എസ് കാരനും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ ഇദ്ദേഹത്തിന്റെ മകനാണ്. ദക്ഷിണേന്ത്യയുടെ അഭിമാനമായി മാറിയ ഈ മലയാളി സംവിധായകൻ
2001 മെയ് 10-നാണ് അന്തരിച്ചത്…
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം .
പ്രണാമം..