
മുംബയ്: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കില്‍ നിന്ന് ഒക്ടോബർ 17 വെള്ളിയാഴ്ച പറന്നുയരും.
ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിനാണ് (എച്ച്‌എഎല്‍) വിമാനത്തിന്റെ നിർമ്മാണ ചുമതല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരിപാടിയില്‍ അദ്ധ്യക്ഷനാകും.
എച്ച്‌എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റിനായുള്ള (എല്‍സിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിന്റെ ഉദ്ഘാടനവും അന്ന് നടക്കും. എന്നാല്‍, തേജസ് എംകെ 1എ യുദ്ധ വിമാനം പറന്നുയരാൻ തയ്യാറെടുക്കുമ്പോഴും അതിന്റെ വിതരണത്തിലുണ്ടാകുന്ന തടസം ഇന്ത്യൻ വ്യോമസേനയെ പ്രതിസന്ധിയിലാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടിയില്‍ കാലതാമസമുണ്ടായതിന് പ്രധാനകാരണം അമേരിക്കയില്‍ നിന്നുളള ജിഇയുടെ എഫ്404 എഞ്ചിൻ എത്തിക്കുന്നതില്‍ തടസ്സമുണ്ടായതാണ്. ഇതുവരെ ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിന് നാല് എഞ്ചിനുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. ഒക്ടോബർ അവസാനത്തോടെ രണ്ടെണ്ണം കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിൻ വിതരണശൃംഖലയിലുണ്ടാകുന്ന തടസമാണ് പ്രധാന പ്രശ്നമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ മാസംതോറുമുള്ള കൃത്യമായ വിതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.