
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം രാഷ്ട്രീയ മര്യാദയില്ലാത്തതാണെന്നും അത് ഉടനടി പിൻവലിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
പിണറായി വിജയൻ ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങളിലൂടെ എല്‍.ഡി.എഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെയാണെന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് നേരെയോ ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയോ ഇതുപോലൊരു പരാമർശം നടത്താൻ രേവന്ത് റെഡ്ഡിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏത് രാഷ്ട്രീയ നേതാവിനും ധൈര്യമായി വന്ന് ഇത്തരം പരാമർശങ്ങള്‍ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ ‘തരത്തില്‍ പോയി കളിക്കണം’ എന്നാണ് ഈ പരാമർശത്തോട് മലയാളികള്‍ക്ക് പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലത്തെ അനാവശ്യ ബോക്സുകളുടെ കൈമാറ്റത്തെക്കുറിച്ചും മന്ത്രി ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ആർ.എം.എസ് വഴി നാല് ബോക്സുകള്‍ തിരുവനന്തപുരത്ത് എത്തിയതായി വിവരമുണ്ട്. ഈ ബോക്സുകള്‍ കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എല്ലാ ബോക്സുകളും പരിശോധിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.



