play-sharp-fill
മിഷൻ 2030 കേരളയാത്രയ്ക്ക് തയ്യാറെടുത്ത് കേരളാ കോൺഗ്രസ് (എം)

മിഷൻ 2030 കേരളയാത്രയ്ക്ക് തയ്യാറെടുത്ത് കേരളാ കോൺഗ്രസ് (എം)

തേർഡ് ഐ ബ്യൂറോ

കോട്ടയം : പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെയും പ്രവർത്തകരെയും ഇളക്കിമറിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളാ യാത്ര സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) തീരുമാനമെടുത്തു. 1998 ൽ പാർട്ടി ചെയർമാൻ കെ.എം.മാണി നടത്തിയ കേരളയാത്രയ്ക്കു ശേഷം 20 വർഷങ്ങൾ പിന്നിടുമ്പോൾ പാർട്ടി വീണ്ടും നടത്തുന്ന രാഷ്ട്രീയ പ്രചരണയാത്രയ്ക്കു നേതൃത്വം നൽകുന്നത് വൈസ് ചെയർമാൻ ജോസ് കെ.മാണിയായിരിക്കും. ചരൽകുന്നിൽ നവംബർ 15, 16 തീയതികളിൽ ചേർന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിൽ 14 ജില്ലാ പ്രസിഡന്റുമാരും പൊതുചർച്ചയിൽ പങ്കെടുത്ത് ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ഒരു രാഷ്ട്രീയ പ്രചരണജാഥ വേണമെന്ന ആശയം ഉന്നയിച്ചിരുന്നു. ജനുവരി പകുതിയോടെ കാസർകോടുനിന്നും തുടക്കം കുറിക്കുന്ന ജാഥ പരമാവധി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന ജനകേന്ദ്രങ്ങളെ സ്പർശിച്ചായിരിക്കും കടന്നുപോകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായുള്ള ജനമുന്നേറ്റത്തിനു രൂപം നൽകുന്ന ജാഥയിൽ കാലികമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും പാർട്ടി അവതരിപ്പിക്കും.

കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേയ്ക്ക് ആകർഷിച്ചുകൊണ്ട് രാഷ്ട്രീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന ക്യാമ്പെയ്നായിരിക്കും ജോസ് കെ.മാണിയുടെ കേരളയാത്ര. ജാഥയുടെ പേരും മറ്റു വിശദാംശങ്ങളും തീരുമാനിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തെ ചരൽകുന്ന് ക്യാമ്പ് ചുമതലപ്പെടുത്തി. രാജ്യസഭാംഗം എന്ന നിലയിൽ കേരളത്തിലാകെ പാർട്ടി കെട്ടിപടുക്കുന്നതിനായി ജോസ് കെ.മാണി വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചരൽകുന്ന് ക്യാമ്പിൽ ഏകകണ്ഠമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജോസ് കെ.മാണി നേതൃത്വം കൊടുത്ത് നയിക്കുന്ന ഈ യാത്രയ്ക്ക് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലും യുഡിഎഫ് രാഷ്ട്രീയത്തിലും വലിയ പ്രാധാന്യമാണ് നിരീക്ഷകർ കൽപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group