ആന്ധ്രയില്‍ ജോലിക്ക് പോയ യുവതിയെ 17 വര്‍ഷങ്ങള്‍ക്കു ശേഷം പാലക്കാട് നിന്നു കണ്ടെത്തി; കണ്ടെത്തുമ്പോള്‍ രണ്ടു കുട്ടികളുമൊത്ത് ബന്ധുവായ യുവാവിൻ്റെ സംരക്ഷണയില്‍; സൂചന ലഭിച്ചത് ആധാറില്‍ നിന്ന്
സ്വന്തം ലേഖിക
ആലപ്പുഴ: ആന്ധ്രയില്‍ ജോലിക്കെന്നുപറഞ്ഞു പോയ 26കാരിയെ 17 വര്‍ഷങ്ങള്‍ക്കു ശേഷം പാലക്കാട് നിന്നു പോലീസ് കണ്ടെത്തി.
ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നും 2004ല്‍ അധ്യാപികയായി ജോലി ചെയ്യാനെന്നു പറഞ്ഞാണ് യുവതി “ആന്ധ്രയിലേക്ക്” വണ്ടി കയറിയത്. അവിടെചെന്നു എന്നു പറഞ്ഞ് ഒരു പ്രാവശ്യം ഫോണ്‍ ചെയ്‌തു. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വീട്ടുകാര്‍ യുവതി പറഞ്ഞ സ്‌കൂളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട് ബന്ധുക്കളും പോലീസും അന്വേഷണം നടത്തിയെങ്കിലും ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുവതി ജീവനോടെയുണ്ടെന്നുള്ള സൂചന ലഭിക്കുന്നത്. അവസാനം കണ്ടെത്തുമ്പോള്‍ രണ്ടു കുട്ടികളുമൊത്ത് ബന്ധുവായ യുവാവിന്റെ സംരക്ഷണത്തില്‍ പാലക്കാട് ജീവിക്കുകയായിരുന്നു.
യുവതിയുടെ പേരില്‍ 2015 ല്‍ മണ്ണഞ്ചേരിയിലെ കുടുംബ വീട്ടിലേക്ക് ആധാര്‍ കാര്‍ഡ് വന്നപ്പോഴാണു ജീവനോടെയുണ്ടെന്നുള്ള സൂചന ബന്ധുക്കള്‍ക്കു ലഭിച്ചത്. ആധാറില്‍ ഭര്‍ത്താവിൻ്റെ സ്‌ഥാനത്ത് അടുത്ത ബന്ധുവിൻ്റെ പേര് കണ്ടതാണ് വഴിത്തിരിവായത്. എന്നാല്‍, യുവതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അയാള്‍ ആണയിട്ടു പറഞ്ഞു.
ആധാറില്‍ കൊടുത്തിരുന്ന തമിഴ്‌നാട് നമ്പര്‍ കേന്ദ്രീകരിച്ച് സഹോദരനും മറ്റും പോയി അന്വേഷിച്ചെങ്കിലും യുവതിയുമായി യാതൊരു ബന്ധമില്ലാത്ത ആളുകളാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കി. ആധാറിന് പാലക്കാട് ജില്ലയിലെ ഒരു അക്ഷയ കേന്ദ്രത്തില്‍ നിന്നാണ് അപേക്ഷിച്ചതെന്ന് മനസിലാക്കി ആ രീതിയില്‍ അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
പിന്നീട് ആന്ധ്രയിലെ പലഭാഗങ്ങളിലെ പബ്ലിക് ബൂത്തില്‍ നിന്നും യുവതി ഗള്‍ഫിലുള്ള സഹോദരനേയും നാട്ടിലുള്ള ബന്ധുക്കളേയും വിളിച്ച് താന്‍ ആന്ധ്ര സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞുവരികയാണെന്നും പറഞ്ഞു. തുടര്‍ന്നു കുട്ടിയുടേയും ആന്ധ്രക്കാരനായ ഭര്‍ത്താവിൻ്റെയും ഫോട്ടോയും കത്തുകളും മറ്റും അയക്കുകയും ചെയ്‌തു.
ബന്ധുവായ ആള്‍ ഈ സ്‌ത്രീയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന സംശയത്തില്‍ വീട്ടുകാര്‍ 2017ല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. 13 വര്‍ഷം കഴിഞ്ഞതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിരസിച്ച ഹൈക്കോടതി പരാതി കൊടുത്ത് പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ടു.
തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ സഹോദരൻ്റെ പരാതിയില്‍ 2017ല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പാലക്കാട്, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷിക്കാന്‍ തുടങ്ങി.
സ്‌ത്രീകളുടേയും പെണ്‍കുട്ടികളുടേയും മിസിംഗ് കേസുകളുടെ സംസ്‌ഥാന നോഡല്‍ ഓഫീസറായ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവിൻ്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പി കെ വി ബെന്നി ടി കേസ് ഏറ്റെടുത്തു.
2015ല്‍ എടുത്ത ആധാറിലെ ഫോണ്‍ നമ്ബര്‍ തെറ്റായി നല്‍കിയിരിക്കുകയാണെന്ന് കണ്ടെത്തി. കൂടാതെ യുവതി അയച്ച ഫോട്ടോയും വ്യാജമാണെന്നും വ്യക്‌തമായി.
യുവതി അയച്ച കത്തുകളെല്ലാം അവര്‍ തന്നെ എഴുതി വിജയവാഡയില്‍ നിന്ന് പോസ്‌റ്റ് ചെയ്‌തതാണെന്നും കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിൻ്റെ സംരക്ഷണയില്‍ പാലക്കാട് ഉണ്ടെന്ന് കണ്ടെത്തി. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. ഡിഎംപിടിയു ആലപ്പുഴ ജില്ലാ ടീമംഗങ്ങളായ എഎസ്‌ഐ വിനോദ് പി, സുധീര്‍ എ, സീനിയര്‍ സിപിഒമാരായ ബീന ടി എസ്,സാബു പി എന്നിവരാണ് യുവതിയെ കണ്ടെത്തിയത്. 30നു ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി യുവതിയെ സ്വന്തം ഇഷ്‌ടപ്രകാരം വിട്ടയച്ചു.