അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ കയറി: ശൗചാലയത്തിലേക്കെന്നു പറഞ്ഞുപോയ മകളെ പിന്നീട് കണ്ടില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി
സ്വന്തം ലേഖകൻ
തലശ്ശേരി: അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ മകളെ കാണാതായതിനെ തുടർന്ന് അമ്മ ചങ്ങലവലിച്ചു ട്രെയിൻ നിർത്തി. തീവണ്ടി നിർത്തിയതോടെ മകളെ തിരക്കി ഓടിയ അമ്മയെ തേടി എത്തിയത് തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ മകൾ മറ്റൊരാളോടൊപ്പം പോയ വാർത്തയും. ഇതോടെ തനിച്ചായി പോയ ആ അമ്മ എന്തു ചെയ്യണമെന്ന് അറിയാതെ നെഞ്ചത്തടിച്ചു കരഞ്ഞു. തലശ്ശേരി റയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം രാവിലെ ആറുമണിക്ക് ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലാണ് സംഭവം. കോഴിക്കോട്ടുനിന്ന് സഹോദരിയുടെ മംഗളൂരുവിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു അമ്മയും മകളും. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യുവതി ശൗചാലയത്തിലേക്കെന്നുപറഞ്ഞ് പോയി. തീവണ്ടി സ്റ്റേഷൻ വിട്ടിട്ടും യുവതിയെ കാണാതായതോടെ അമ്മ പരിഭ്രാന്തയായി. ചങ്ങലവലിച്ച് വണ്ടി നിർത്തിയ ഇവർ മകൾ അബദ്ധത്തിൽ സ്റ്റേഷനിൽ അകപ്പെട്ടുകാണുമെന്ന് കരുതി വണ്ടി നിന്നയുടൻ അമ്മ നിലവിളിച്ചുകൊണ്ട് തലശ്ശേരി ഭാഗത്തേക്ക് ഓടി. സംഭവം ശ്രദ്ധയിൽപ്പെട്ട കൊടുവള്ളി റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പർ കൃഷ്ണൻ തലശ്ശേരി റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷം തീവണ്ടി യാത്രതുടർന്നു. യുവതി തലശ്ശേരിയിൽനിന്ന് മറ്റൊരാളോടൊപ്പം പോയതായി പിന്നീട് വിവരം ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group