
സ്വന്തം ലേഖകൻ
കോട്ടയം : ഭർത്താവുമായി വഴക്കിട്ട് വീടുവിട്ട യുവതിയെയും നാലു വയസുകാരനെയും നീണ്ടൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായി. പരീക്ഷയിൽ കോപ്പി അടിച്ചതായി ആരോപിച്ച് കോളജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് കാണാതായി ജീവനൊടുക്കിയ അഞ്ജുവിന് പിന്നാലെയാണ് ഈ അമ്മയുടെയും മകൻ്റെയും ദുരൂഹ തിരോധാനം. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഇവർ ഉറങ്ങാൻ കിടന്നത് ഒന്നിച്ചായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഥാണ് രഞ്ചിയെയും , ശ്രീനന്ദിനെയും കാണാനില്ലെന്ന് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാത്രി 11 മണി മുതല്‍ ഇരുവരെയും കാണാനില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. യുവതിയും ഭർത്താവും കുഞ്ഞു ഭർത്താവിൻ്റെ മാതാപിതാക്കളും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. കുട്ടിയെയും യുവതിയെയും കാണാനില്ലെന്ന് കണ്ടതോടെ ഭർത്താവും കുടുംബവും അടുത്ത് തന്നെയുള്ള യുവതിയുടെ വീട്ടിൽ എത്തി. ഇവിടെയും ഇല്ലന്ന് കണ്ടതോടെ യുവതിയുടെ അച്ഛനൊപ്പം ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
11 വർഷം മുൻപാണ് ചന്ദ്രബാബുവും രഞ്ചിയും വിവാഹിതരായത്. അയൽവാസികളാണ് ഇരുവരും. തർക്കങ്ങളോ പ്രശ്നങ്ങളോ ഇല്ലാതിരുന്ന കുടുംബത്തിൽ പെട്ടന്ന് എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും. യുവതി ഫോൺ ഭർത്താവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ച് വരികയാണ് എന്ന് ഏറ്റുമാനൂർ എസ്.ഐ അനൂപ് സി.നായർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയേയും അമ്മയേയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ് എന്ന് പൊലീസ് അറിയിച്ചു.
എസ് എച്ച് ഒ എറ്റുമാനൂർ – 94979 87075
എസ് ഐ ഏറ്റുമാനൂർ – 94979 80318
ഏറ്റുമാനൂർ സ്റ്റേഷൻ – 04812535517