
കൊലപാതക കേസിലെ പ്രധാന തെളിവായ ആയുധം ഫൊറൻസിക് ലാബിലേക്ക് അയച്ചതോടെ കാണാതായി; തപാൽ മാർഗം അയച്ച ആയുധം എത്തിയത് വിലാസം മാറി; ഒടുവിൽ തെളിവുകൾക്കായി വീണ്ടും അന്വേഷണം; കോട്ടയം പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ “കോടാലി” പൊലീസിനും പ്രോസിക്യൂഷനും വല്ലാത്ത കോടാലിയായി മാറി
കോട്ടയം: പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച് – 48) കൊലപാതകത്തിൽ വലഞ്ഞ് പൊലീസ്. കൊലക്കേസിലെ പ്രധാന തെളിവായ ആയുധം കാണതായതോടെ പൊലീസിനും പ്രോസിക്യൂഷനും തലവേദന ആയിരിക്കുകയാണ്.
2021 ഡിസംബർ 14ന് ആണു മാത്യു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണ് കേസിൽ പ്രതി. എന്നാൽ, കൊലയ്ക്ക് ഉപയോഗിച്ച ‘കോടാലി’ ആണ് കാണാതായത്. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച പ്രധാന തെളിവുകളായ കോടാലിയും വസ്ത്രങ്ങളും ഫൊറൻസിക് ലാബിനു 2022ൽ കൈമാറിയിരുന്നു.
തിരികെക്കിട്ടാൻ വൈകിയതോടെ കോടതി ഇടപെട്ട് ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽനിന്നു 2 പൊലീസുകാരെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഫൊറൻസിക് വിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞതോടെയാണ് തൊണ്ടിമുതൽ തിരിച്ചയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അതോടെ പൊലീസിന് തലവേദനയായി. കോടാലി തപാൽ മാർഗം അയച്ചപ്പോൾ വിലാസം മാറിപ്പോയി. അഡിഷനൽ ഡിസ്ട്രിക്ട് കോടതി രണ്ടിലേക്ക് എത്തേണ്ടിയിരുന്ന കോടാലി ചെന്നത് മജിസ്ട്രേട്ട് കോടതി ഒന്നിലേക്ക്. കേസിന്റെ പ്രധാന തെളിവുകൾ കിട്ടാതായതോടെ പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറവും പൊലീസും വീണ്ടും തെളിവുകൾക്കായി അന്വേഷണം ആരംഭിച്ചു.
ഇതോടെ കോട്ടയം മജിസ്ട്രേട്ട് കോടതി ഒന്നിൽ ആയുധം ഉണ്ടെന്ന് കണ്ടെത്തി. ഇത് കേസ് നടന്നിരുന്ന അഡിഷനൽ ഡിസ്ട്രിക്ട് കോടതി രണ്ടിലേക്ക് എത്തിച്ചതോടെയാണ് പൊലീസിന്റെ തലവേദനയൊഴിഞ്ഞത്. 21ന് ആയുധം കോടതിയിൽ ഹാജരാക്കും. കേസിന്റെ മുന്നോട്ടുള്ള നടപടിക്കായി അന്വേഷണ ഉദ്യോഗസ്ഥരും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും കോടതിയിൽ എത്തി ആയുധം തിരിച്ചറിയണം.