കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണം
ടെക്സാസ്: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി.
മിസൗറി സിറ്റി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബിത് മുദ്രചാര്‍ത്തിയ “ഓണററി ടെക്സൻ” ബഹുമതി ടെക്സസ് സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ റെയ്നോള്‍ഡ് ജോസ് കെ മാണിക്ക് കൈമാറി.
മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേയര്‍ റോബിൻ ഇലക്കാട്ട് അമ്പത് വർഷം സാമാജികനായിരുന്ന കെ .എം. മാണിയെ അനുസ്മരിച്ചു.
ജോസ് ആദ്യമായാണ് മിസൗറിസിറ്റി സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹത്തെ സമുചിതമായി വരവേല്‍കാൻ തനിക്കു സന്തോഷമുണ്ടെന്നും മേയര്‍ റോബിൻ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ് ഉയര്‍ന്നുവരികയാണെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ ഭാഷയും സംസ്കാരവും ജനതയും ചേര്‍ന്ന ഇരുപത്തിയെട്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താൻ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ തന്നെയായിരുന്നു കെ എം മാണി എന്നും കേരളത്തിന് പതിമൂന്നു ബജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രി എന്ന ചരിത്രം രചിച്ച ആളുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍റെ എല്ലാവിജയങ്ങള്‍ക്കും കേരളവും ഒപ്പം അമേരിക്കയിലെ മലയാളികളും ആശംസിക്കുന്നുവെന്ന് ഡിസ്ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ പട്ടേല്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിറ്റി മാനേജര്‍ ഏഞ്ചെല്‍ ജോണ്‍സ്, ഫോട്ബെൻഡ് കൗണ്ടി ഷെരിഫ് എറിക് ഫെഗൻ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. വിശിഷ്ടമായ ടെക്സസ് ഫ്ലാഗും പിന്നും എറിക് ഫെയഗൻ ജോസ് കെ. മാണിക്ക് നല്‍കി. മേയര്‍ റോബിനും സിറ്റി മാനേജരും വിശിഷ്ടാതിഥികളും ചേര്‍ന്ന് മിസൗറിസിറ്റി യുടെ താക്കോല്‍ ജോസ് കെ. മാണിക്ക് നല്‍കി.
എംസിയായിരുന്ന സിറ്റി കൗണ്‍സില്‍മാൻ ജെഫ്‌റി ബോണി ഫോട്ബെൻഡ് കൗണ്ടിയിലെ മലയാളി സാന്നിധ്യം വിവരിച്ചു. ജോസ് കെ മാണിക്ക് അദ്ദേഹം ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകള്‍ ആലേഖനം ചെയ്ത ഷാള്‍ അണിയിച്ചു. കൗണ്‍സില്‍മാൻ ആന്തണി മറോളിസ് ജോസ് കെ മാണിയെയും ചടങ്ങിനെത്തിയവരെയും സ്വാഗതം ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടെനിന്നും മലയാളികള്‍ ചടങ്ങിനെത്തിയിരുന്നു.